
ന്യൂക്ലിയർ മെഡിസിൻ രംഗത്ത് നിന്നാണ് ഡോ. അജിത് ജോയ് സിനിമാ നിർമ്മാണ രംഗത്തേക്ക് വന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ പേരിൽ ഡോ. അജിത് നിർമ്മിച്ച നാല് സിനിമകളിൽ ആദ്യമായി റിലീസിന് ഒരുങ്ങുന്നത് വിചിത്രം എന്ന സിനിമയാണ്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന വിചിത്രം, ഇതിനോടകം സംസാരവിഷയമായിക്കഴിഞ്ഞു. ഡോ. അജിത് ജോയ് സംസാരിക്കുന്നു, 'വിചിത്രം' എങ്ങനെ വിചിത്രമായെന്ന്.
'വിചിത്രം' പ്രൊഡ്യൂസ് ചെയ്യാൻ എന്തുകൊണ്ടാണ് തീരുമാനിച്ചത്?
സിനിമ എനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്. പക്ഷേ, തിരക്ക് കാരണം സിനിമ കാണാൻ പലപ്പോഴും സമയം കിട്ടിയിട്ടില്ല. പലകാരണങ്ങൾകൊണ്ടും തീയേറ്ററിൽ പോകാൻ പറ്റാറില്ല. വീട്ടിലിരുന്നാണ് കൂടുതലും സിനിമകൾ കാണാറ്. 2021 മുതലാണ് സിനിമ കാണാൻ നേരം കണ്ടെത്തുന്നത്. കൊവിഡ് കാലത്ത് ഒമ്പത് മാസക്കാലം അബുദാബിയിൽ കുടുങ്ങി. അച്ചു വിജയൻ (സംവിധായകൻ) ഒൻപത് കൊല്ലമായി സുഹൃത്താണ്. അച്ചു സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നു. തിരക്കഥയും എഴുതി. പക്ഷേ, അത് നടന്നില്ല. നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ ഒരു സിനിമ ചെയ്യാം എന്നായി പിന്നീട്. സിനിമയെടുക്കുന്നതിനെക്കാൾ മൂവി ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാനായിരുന്നു എനിക്ക് താൽപര്യം. അതെല്ലാം ചെയ്തു. അതിനൊപ്പം മൂന്നാല് സ്ക്രിപ്റ്റുകളും വന്നു. അത് എല്ലാം വിലയിരുത്തി വിചിത്രമായൊരു കഥ തെരഞ്ഞെടുക്കുകയായിരുന്നു. ഞാൻ തന്നെ സിനിമാരംഗത്തേക്ക് വന്നത് വിചിത്രമാണല്ലോ.
'വിചിത്രം' ട്രെയിലർ വളരെ ശ്രദ്ധിക്കപ്പെട്ടല്ലോ. എന്താണ് സിനിമയുടെ പ്രമേയം?
വിചിത്രം ഒരു ഫാമിലി മിസ്റ്റിറി, ക്രൈം തില്ലർ സിനിമയാണ്. ഒപ്പം ഹൊറർ അംശവുമുണ്ട്. തീയേറ്ററിൽ മാത്രം എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു കഥയാണിത്. വിചിത്രമായൊരു കഥയാണ് 'വിചിത്ര'ത്തിന്റെത് എന്നേ പറയാനുള്ളൂ. മലയാളത്തിൽ ഇതുവരെ വരാത്ത വിചിത്രകഥയാണ്. ഒരു കുടുംബത്തിന്റെ അകത്ത് നടക്കുന്ന വിചിത്രമായ സംഭവങ്ങൾ. സിനിമ കണ്ടാലേ മനസ്സിലാകൂ. അധികം പറഞ്ഞാൽ എന്താണ് 'വിചിത്ര'മെന്നത് പുറത്താകും.
സിനിമ കണ്ടോ? എന്താണ് സംവിധായകന്റെയും അഭിനേതാക്കളുടെയും പ്രകടനത്തെക്കുറിച്ച് അഭിപ്രായം?
ഞാൻ ചിത്രം കണ്ടു. എനിക്ക് വളരെയധികം ഇഷ്ടമായി. അച്ചു വിജയൻ വർഷങ്ങളായി എന്റെ സുഹൃത്താണ്. അച്ചുവിന്റെ കാഴ്ച്ചപ്പാട് എനിക്കറിയാം. എഡിറ്റർ ആണ് എന്നതുകൊണ്ട് തന്നെ എഡിറ്ററുടെ കണ്ണിലൂടെയാണ് അച്ചു കാര്യങ്ങൾ കാണുന്നത്. വേണ്ടത് പകർത്തുക എന്നതാണ് രീതി. അതുകൊണ്ടു തന്നെ സിനിമയെടുപ്പിൽ സംശയങ്ങളില്ല. അഭിനേതാക്കളുടെ കാര്യം പറയേണ്ടതില്ല. ഷൈൻ ടോം ചാക്കോ ബ്രില്യന്റ് ആണ്. അഭിനേതാക്കളുടെ പ്രകടനം സ്ക്രീനിൽ കാണുന്നവർ തീർച്ചയായും അഭിനന്ദിക്കും. ഒ.ടി.ടി.ക്ക് വേണ്ടി ഹിന്ദി, തമിഴ് ഭാഷകളിൽ സിനിമ ഡബ് ചെയ്തിട്ടുണ്ട്. വിദേശഭാഷകളിൽ റിലീസ് ചെയ്യാൻ സബ്ടൈറ്റിലും ചെയ്തു.
ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണല്ലോ വിചിത്രം. എന്താണ് ഭാവി പദ്ധതികൾ, സിനിമകളെടുക്കുന്നത് തുടരുമോ?
അതേ. ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണിത്. പക്ഷേ, ഒരേ സമയം ജോയ് മൂവി പ്രൊഡക്ഷൻസ് നാല് സിനിമകൾ പ്രൊഡ്യൂസ് ചെയ്തു. അതിൽ ആദ്യം റിലീസ് ആകുന്ന സിനിമയാണ് വിചിത്രം. മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ആട്ടം, ചാൾസ് എന്റർപ്രൈസ് എന്നിവയാണ് മറ്റു സിനിമകൾ. വി.എഫ്.എക്സ്., ഡിസ്ട്രിബ്യൂഷൻ, മ്യൂസിക് ചാനൽ എന്നിവയെല്ലാം ഞാൻ തന്നെയാണ് ചെയ്തത്. സിനിമാ ഇൻഫ്രാസ്ട്രക്ച്ചറിന് പ്രാധാന്യം കൊടുത്ത് ഒരു ബിസിനസ് വെർട്ടിക്കലാക്കി മാറ്റുകയാണ് ലക്ഷ്യം. തൽക്കാലം ഈ നാല് സിനിമകളും ഇറങ്ങിയതിന് ശേഷം മാത്രമേ ഭാവി പദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. എന്തായാലും സിനിമാ മേഖലയിൽ തുടരും. നല്ല തിരക്കഥ നോക്കി അടുത്ത സിനിമയും തെരഞ്ഞെടുക്കും.
വലിയ താരങ്ങളില്ലാത്ത സിനിമയാണല്ലോ വിചിത്രം, സൂപ്പർതാരങ്ങൾ ഒന്നും ഇല്ലാത്ത സിനിമ. ഒരു നിർമ്മാതാവ് വാണിജ്യമായ ലാഭം കൂടെ ചിന്തിക്കുമല്ലോ. 'വിചിത്രം' പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നോ?
തീർച്ചയായും ചിന്തിച്ചിരുന്നു. ഒരു സിനിമ എടുക്കുമ്പോൾ പല ഘടകങ്ങളുണ്ട്. എത്രമാത്രം നമുക്ക് ചെലവാക്കാം എന്നത് പ്രധാനമാണ്. ഒരു വലിയ കാസ്റ്റിനെ വച്ച് ഒരു മെഗാ മൂവി എടുക്കാനുള്ള അനുഭവസമ്പത്ത് എനിക്കില്ല. തുടങ്ങുമ്പോൾ തന്നെ ഒരു മെഗാ സിനിമ എന്നതിനെക്കാൾ സ്ക്രിപ്റ്റിന് യോജിക്കുന്ന ആളുകളെ കണ്ടെത്തുകയായിരുന്നു. ഷൈൻ ടോം, ബാലു തിരക്കഥയ്ക്ക് വളരെ യോജിച്ചവരാണ്. സിനിമയിലെ ഇരട്ടകളെ ഓഡിഷൻ ചെയ്ത് എടുത്തുതാണ്. വിഷ്ണു സ്ക്രീൻടെസ്റ്റിലൂടെ സിനിമയിലെത്തിയതാണ്. പ്രധാനപ്പെട്ട രണ്ട് സ്ത്രീ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മറ്റൊരു കഥാപാത്രം ജോളി ചിറയത്ത് ആണ്. വളരെ പ്രാധാന്യമുള്ള വേഷമാണ് അവർ ചെയ്യുന്നത്. ഇതെല്ലാ ആ തിരക്കഥ ആവശ്യപ്പെടുന്നതാണ്. സ്ക്രിപ്റ്റ്, ഉള്ളടക്കം, മേക്കിങ് ഇത് മികച്ചതാക്കുക എന്നതാണല്ലോ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ചുമതല. അത് നന്നായി ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ