
മിസ്ട്രി, ഹൊറർ സിനിമയായ വിചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കഥാപാത്രങ്ങളുടെ പ്രകടനമികവിനൊപ്പം സിനിമയുടെ പശ്ചാത്തല സംഗീതവും പ്രശംസിക്കപ്പെട്ടു. ശബ്ദമായും നിശബ്ദതയായും പ്രേക്ഷകരെ പിടിച്ചിരുത്തിയ കഥ പറച്ചിലിന്റെ ക്രെഡിറ്റ് വിചിത്രത്തിന്റെ പശ്ചാത്തലം സംഗീതവും സംഗീത സംവിധാനവും ചെയ്ത ജുബൈർ മുഹമ്മദിന് കൂടെ അവകാശപ്പെട്ടതാണ്. 'വിചിത്ര'ത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജുബൈർ മുഹമ്മദ്.
എങ്ങനെയാണ് 'വിചിത്ര'ത്തിലേക്ക് വരുന്നത്?
'വിചിത്ര'ത്തിന്റെ സംവിധായകൻ അച്ചു വിജയൻ എന്റെ പഴയ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്ക് ചെയ്‍തിട്ടുണ്ട്. ഞാൻ സംഗീത സംവിധാനം ചെയ്ത മ്യൂസിക് വീഡിയോകൾ പലതും അച്ചു വിജയൻ എഡിറ്റ് ചെയ്തിട്ടുണ്ട്. ആ സൗഹൃദമാണ് ഈ സിനിമയിലേക്ക് വഴിതുറന്നത്. ഞാൻ മുൻപ് ചെയ്ത പീസ് എന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് 'വിചിത്ര'ത്തിന്റെ നിർമ്മാണക്കമ്പനിയുടെ സ്ഥാപനം ജോയ് മ്യൂസിക് ആണ് ഏറ്റെടുത്തത്. അങ്ങനെയൊരു ബന്ധം കൂടെയുണ്ട്.
വിചിത്രം ഒരു മിസ്റ്ററി, ഹൊറർ സിനിമ ആണല്ലോ. ഇത്തരം സിനിമകളിൽ പശ്ചാത്തല സംഗീതം വളരെ പ്രധാനമാണ്. ക്ലീഷെകൾ ഒഴിവാക്കി എങ്ങനെയാണ് വിചിത്രത്തിന് വേണ്ടി ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്?
സ്ഥിരം ഹൊറർ പാറ്റേണുകളിൽ വരുന്ന ശബ്ദങ്ങൾ ഒഴിവാക്കുക തന്നെയായിരുന്നു ആദ്യം ചെയ്തത്. ഹോളിവുഡ് സിനിമകൾക്ക് സമാനമായ രീതിയിലുള്ള ശബ്ദങ്ങളാണ് ഉപയോഗിച്ചത്. സത്യത്തിൽ ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് സംവിധായകൻ അച്ചു വിജയന് കൃത്യമായ ധാരണയുണ്ടായിരുന്നു. ശബ്ദത്തിന്റെ ലെയറുകളും എവിടെ അത് ചേർക്കണം എന്നതുമെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. കൃത്യമായ റഫറൻസുകൾ വച്ച് തന്നെയാണ് പശ്ചാത്തല സംഗീതം ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ജോലി വളരെ എളുപ്പമായിരുന്നു. ഈ സിനിമയിൽ നിശബ്ദതയ്ക്ക് വലിയ പ്രധാന്യമുണ്ട്. സൈലൻസ് തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം എന്ന് വേണമെങ്കിൽ പറയാം. എവിടെ നിശബ്ദത കൊണ്ടുവരണം എവിടെ ശബ്ദം കൊണ്ടുവരണം എന്നതെല്ലാം സംവിധായകനോട് ഒപ്പം ഇരുന്ന് സംസാരിച്ചിട്ടാണ് ചെയ്തത്.
വിചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തത് ദേശീയ അവാർഡ് ജേതാവ് വിഷ്ണു ഗോവിന്ദ് ആണല്ലോ. എന്തായിരുന്നു ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവം?
വിഷ്ണുവിനൊപ്പമുള്ള ജോലി കിടിലം എക്സ്പീരിയൻസ് ആയിരുന്നു! എനിക്ക് ബാക്ക്ഗ്രൗണ്ട് സ്കോറിന് തരുമ്പോൾ തന്നെ സൗണ്ട് ലെയറുകൾ ഉണ്ടായിരുന്നു. അതിൽ നിന്ന് തന്നെ സിനിമയുടെ മൂഡ് എന്താണെന്ന് തിരിച്ചറിയാൻ പറ്റി. അതിന് സപ്പോർട്ട് ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹം ചെയ്ത സൗണ്ടും സംഗീതവും തമ്മിൽ ക്ലാഷ് ആകാതെ എങ്ങനെ കൈകാര്യം ചെയ്യുക എന്നതായിരുന്നു പ്രധാനം. വിഷ്ണു ഗോവിന്ദ് ഗംഭീരമായിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഒരുമിച്ച് ജോലി ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഭയങ്കര രസമുള്ള ജോലിയായിരുന്നു എന്നതിനൊപ്പം വിഷ്ണു ഗോവിന്ദിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാനും മനസ്സിലാക്കാനും പറ്റി.
സിനിമ കണ്ടു കഴിഞ്ഞ് ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു?
'വിചിത്ര'ത്തിൽ ഒരുപാട് കണക്ഷനുകളും ലെയറുകളും ഉണ്ട്. ഞാൻ ഈ ജോലി ഏറ്റെടുക്കുമ്പോൾ തന്നെ അച്ചു വിജയനോട് ചോദിച്ചത്, നമ്മൾ ഉദ്ദേശിക്കുന്ന ഈ ഇന്നർ കണക്ഷനുകളും ലെയറുകളും ആളുകൾക്ക് മനസ്സിലാകുമോ എന്നതാണ്. പ്രേക്ഷകർ അത്രയും കഥയിൽ ശ്രദ്ധിച്ചിരുന്നാലെ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റൂ. ആ ഒരു കൺഫ്യൂഷൻ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ മാറി. കഥയിലെ ആ ഭാഗങ്ങൾ വരുമ്പോൾ ആളുകൾ വളരെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലായി. അത് അവരുടെ പ്രതികരണത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ച കുഞ്ഞുകുഞ്ഞു സാധനങ്ങൾ വരെ ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റി.
'വിചിത്ര'ത്തിലെ പാട്ടുകൾ?
ഞാൻ മൂന്ന് പാട്ടുകളാണ് ചെയ്തത്. ഒന്ന് ടൈറ്റിൽ ട്രാക്ക് ആണ്; അത് ഇംഗ്ലീഷ് ആണ്. ഗായകൻ ദീപക് നായർ ആണ് പാട്ടെഴുതിയത്. ബിന്ദു അനിരുദ്ധൻ എന്ന ഗായികയാണ് ടൈറ്റിൽ ട്രാക്ക് പാടിയത്; അവരത് മനോഹരമായി പാടി. രണ്ടാമത്തെ പാട്ട് മനോജ് പരമേശ്വരൻ എന്ന ഒരാൾ എഴുതിയ കവിതയാണ്. സിനിമക്ക് വേണ്ടി എഴുതിയ കവിതയല്ല അത്. പക്ഷേ, കവിത മാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. മരിയ ജോണി എന്ന ഒരു പുതിയ ഗായികയാണ് പാട്ട് പാടിയത്. ആ കവിത സിനിമയിലെ ഒരു പ്രത്യേക ഭാഗത്താണ് വരുന്നത്. വളരെ പ്രധാന്യമുള്ള ഒരു സന്ദർഭമാണത്. അത് അവിടെ ചേർന്നുതന്നെ വന്നു. പിന്നെയുള്ള ഒരു പാട്ട് പടത്തിന്റെ അവസാനമുള്ളതാണ്. ഈ പാട്ട് ഞാൻ അച്ചു വിജയനോട് അങ്ങോട്ട് നിർദേശിച്ചതാണ്. ബിന്ദു അനിരുദ്ധൻ തന്നെയാണ് ഈ പാട്ടിന് വരികളെഴുതിയതും പാടിയതും.
ഇനിയുള്ള പ്രോജക്ടുകൾ?
അഭ്യൂഹം എന്നൊരു സിനിമയാണ് ഇനിയുള്ളത്. അത് കൂടാതെ ഏതാനും പ്രോജക്ടുകളും ചർച്ചയിലുണ്ട്.