Vidhi Movie Review : പ്രേക്ഷക മനസ് ആഗ്രഹിച്ച 'വിധി'; റിവ്യൂ

By Web TeamFirst Published Dec 31, 2021, 3:51 PM IST
Highlights

ഏറെ സ്വപ്നം കണ്ട വീട് ഒഴിഞ്ഞു പോകേണ്ടി വരുന്ന മുന്നൂറ്റി അൻപത്തി ഏഴ് കുടുംബങ്ങളുടെ കഥയാണ് വിധി പറയുന്നത്. വർഷങ്ങൾ ആഗ്രഹിച്ച് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയ ശേഷം ചതിയിൽ പെടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രംമാണ് ‘വിധി:ദി വെര്‍ഡിക്റ്റ്.' കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമ എന്നതു കൊണ്ട് തന്നെ 'വിധി'യുടെ പ്രമേയം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഓരോ മലയാളിയും ആഗ്രഹിക്കുന്ന ഒരു വിധി സമ്മാനിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ട്. 

ഏറെ സ്വപ്നം കണ്ട വീട് ഒഴിഞ്ഞു പോകേണ്ടി വരുന്ന മുന്നൂറ്റി അൻപത്തി ഏഴ് കുടുംബങ്ങളുടെ കഥയാണ് വിധി പറയുന്നത്. വർഷങ്ങൾ ആഗ്രഹിച്ച് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയ ശേഷം ചതിയിൽ പെടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. കാത്തിരുന്ന് നേടിയ ഭവനം ചതിയിൽ പെട്ടു കോടതി വിധി മൂലം നഷ്ടമാകുന്നവരുടെ മാനസിക അവസ്ഥയെ ഏറ്റവും ഭംഗിയായി സ്‌ക്രീനിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് 'വിധി'യുടെ വിജയം. 

 

കേരളമൊന്നാകെ ഞെട്ടലോടെ ഓർത്തിരിക്കുന്ന ഒരു യഥാർത്ഥ സംഭവത്തെ തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. പൊളിച്ച് നീക്കാൻ തീരുമാനമായ ഫ്ലാറ്റിൻറെ ഉടമസ്ഥരുടെ സംഘർഷങ്ങളും മാനസിക സമ്മർദങ്ങളും ഏറെ തന്മയത്ത്വത്തോടെ തന്നെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് അനൂപ് മേനോനും ഷീലു അബ്രഹാമും മറ്റു താരങ്ങളും. പതിവിൽ നിന്നും വ്യത്യസ്തമായ കഥാപാത്രവുമായി എത്തിയ നടൻ ധർമജൻ ബോൾഗാട്ടി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇവരെ കൂടാതെ മനോജ് കെ ജയന്‍, ബൈജു സന്തോഷ്, നൂറിന്‍ ഷെരീഫ്, സുധീഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് സംഗീതം. മികച്ച സംഗീതം, പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഓരോ രംഗങ്ങളും കൂടുതൽ മികവുറ്റതാക്കുന്നതിൽ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. രവി ചന്ദ്രൻറെ ക്യാമറയും വി ടി ശ്രീജിത്തിൻറെ എഡിറ്റിങ്ങും ദിനേശ് പള്ളത്തിന്റെ രചനയ്ക്ക് മാറ്റ് കൂട്ടിയിരിക്കുന്നു. സാനന്ദ് ജോർജ് ഗ്രേസിന്റേതാണ് സംഗീതം. 

click me!