ഇനി വിദ്യാ ബാലൻ ഹ്യൂമൻ കമ്പ്യൂട്ടര്‍, ഫസ്റ്റ് ലുക്ക്

By Web TeamFirst Published Sep 16, 2019, 11:45 AM IST
Highlights


ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കുന്നത്.

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടിയാണ് വിദ്യാ ബാലൻ.  ശകുന്തള ദേവിയുടെ കഥ പറയുന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ അടുത്തതായി നായികയാകുന്നത്.  ചിത്രത്തിന്റെ വിശേഷങ്ങള്‍ വിദ്യാ ബാലൻ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയിപ്പെടുന്ന പ്രതിഭയാണ് ശകുന്തള ദേവി. മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി. ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

click me!