ശകുന്തള ദേവി ഗിന്നസ് നേട്ടം സ്വന്തമാക്കിയ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കാൻ വിദ്യാ ബാലൻ

By Web TeamFirst Published Oct 7, 2019, 6:10 PM IST
Highlights

ശകുന്തള ദേവിയായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണെന്ന് വിദ്യാ ബാലൻ പറയുന്നു.


ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. വിദ്യാ ബാലൻ ആണ്  ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിദ്യാ ബാലൻ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ശകുന്തള ദേവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇംപീരിയല്‍ കോളേജ്.  ശകുന്തള ദേവിക്ക് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സ് ലഭിക്കുന്നത് ഇംപീരിയല്‍ കോളേജില്‍ നിന്നാണ്. ആ കോളേജില്‍ പോകാൻ അവസരം ലഭിക്കുന്നത് ആദരവായിട്ട് കാണുന്നു-  വിദ്യാ ബാലൻ പറയുന്നു.  വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്നത് സാന്യ മല്‍ഹോത്രയാണ്. ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി എന്ന കഥാപാത്രമായിട്ടാണ് സാന്യ മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിക്കുന്നത്.

അനു മേനോനാണ്  ശകുന്തള ദേവിയുടെ ജീവിതകഥ പ്രമേയമായ ചിത്രം സംവിധാനം ചെയ്യുന്നത്.

മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർ‌ശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്.  എട്ടാം വയസ്സിൽ തമിഴ്‌നാട്ടിലെ അണ്ണാമല സർ‌വ്വകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.

ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.

click me!