
'വിജയ് അണ്ണൻ എനിക്ക് കിടു റോള്‍ മോഡലാണ്, ഡിപ്രഷനൊക്കെ അടിച്ചിരിക്കുമ്പോ ഏറ്റവും വലിയ ഇൻസ്പിരേഷൻ അദ്ദേഹത്തിന്‍റെ സ്പീച്ചാണ്', പറയുന്നത് വിജയ്‍യുടെ കടുത്ത ആരാധികയായ ഡോ. അഭിരാമി രാധാകൃഷ്ണൻ എന്ന മഞ്ചേരിക്കാരിയാണ്. ആറാം വയസ്സിൽ ഗില്ലി കണ്ടപ്പോള്‍ മുതൽ തുടങ്ങിയ ആരാധന തന്നോടൊപ്പം വളർന്നുവളർന്ന് വന്നതിനെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് അഭിരാമി. ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന 'ദ ഫനാട്ടിക്' എന്ന സീരീസിലെ അഞ്ചാം എപ്പിസോഡിലാണ് ഈ വിജയ് ഫാൻ ഗേളിനെകുറിച്ച് പറഞ്ഞിരിക്കുന്നത്.
അഭിരാമിയുടെ വാക്കുകള്‍ ഇങ്ങനെ
2004-ൽ ആണ് ഞാൻ ആദ്യ തമിഴ് സിനിമ കണ്ടത്. അത് അണ്ണന്‍റെ പടം 'ഗില്ലി' ആയിരുന്നു. എനിക്കപ്പോൾ ആറ് വയസ്സാണ്. മലപ്പുറം ആനന്ദിലാണ് കണ്ടത്. ഏട്ടൻ കട്ട വിജയ് ഫാനാണ്. കരഞ്ഞ് നിർബന്ധം പിടിച്ച് പോയതാണ്. വിജയ്‍യുടെ എൻട്രിയുടെ സമയത്തെ ആർപ്പുവിളിയൊക്കെ ഇന്നും ഓർമ്മയുണ്ട്. ഇതാണ് ഇളയദളപതി വിജയ്, ഇയാളെ കാണാനാണ് ഞാൻ വരണത് എന്ന് ഏട്ടൻ എനിക്ക് പറഞ്ഞുതന്നു. അന്ന് ഭയങ്കരമായി കഥയൊന്നും മനസ്സിലായില്ലെങ്കിലും ഇതുവരെ സ്ക്രീനിൽ കാണാത്ത രീതിയിലുള്ള ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ട മലയാളം സിനിമകൾ പോലെയല്ല, എന്തൊക്കെയോ ഭയങ്കര ചാർജ്ഡ് ആക്കുന്ന സാധനങ്ങള്‍ ഇതിൽ ഉണ്ടെന്ന് മനസ്സിലായി. അതോടുകൂടി ഉറപ്പിച്ചു ഞാനിനി ആരാധിക്കാൻ പോണത് പുള്ളിനേയാണെന്ന്.
ഒന്നാം ക്ലാസിൽ ആദ്യത്തെ ദളപതി ദർശനം കഴിഞ്ഞ് തിരിച്ച് വന്നിട്ട് വൻ തള്ളലായിരുന്നു. അന്നൊന്നും അത്രയും ചെറുപ്പത്തിൽ ആരും തമിഴ് പടം അധികം കാണാറില്ല. ഞാൻ അണ്ണന്‍റെ പടം കണ്ടു, പാട്ടുണ്ട് ഡാൻസുണ്ട്, അണ്ണൻ പറക്കുന്നുണ്ട്, അടി, ഇടി എന്നൊക്കെ പറഞ്ഞ് അതൊക്കെ തള്ളി മറിച്ചു. ബെഞ്ചിലും ഡസ്കിലുമൊക്കെ ഇളയദളപതി വിജയ്, അണ്ണൻ എന്നൊക്കെ കുറിച്ചിട്ടതിനും സ്കൂളിൽ നിന്ന് ചീത്ത കേട്ടിട്ടുണ്ട്.
ഇപ്പോൾ എല്ലാവരും രക്ഷകൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുമെങ്കിലും 'ഗില്ലി'യിൽ ധനലക്ഷ്മി എന്ന പാവം പെണ്ണിനെ രക്ഷിക്കാൻ എല്ലാം മറന്ന് ഇറങ്ങി തിരിക്കുന്ന നായകന്‍ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഒരു ഐഡിയൽ വ്യക്തിയാണ്. അപ്പോൾ ആ ഐഡിയൽ വ്യക്തിയുടെ സിനിമകള്‍ ഇനിയും ഇനിയും കാണുക എന്നതായിരുന്നു മനസ്സിൽ വലിയ ആഗ്രഹം. പിന്നീട് ഒരു ഉത്സവം പോലെ വീണ്ടും വീണ്ടും ആ സിനിമകള്‍ എൻജോയ് ചെയ്യലായി.
സൂപ്പർ ഹീറോ പടങ്ങൾ മാത്രമല്ല അടിപൊളി പാസ്റ്റുണ്ട് പുള്ളിക്കെന്ന് പിന്നീടാണ് മനസ്സിലായത്. ആ സമയത്താണ് 'ഖുശി' കണ്ടത്, അതിലെ പാട്ടുകളൊക്കെ കേട്ടത്. ഹൈലി റൊമാന്‍റിക്കായ വിന്‍റേജ് വിജയ് അണ്ണനെ കണ്ടപ്പോള്‍ അതൊരു ഞെട്ടിക്കുന്ന കാര്യമായിരുന്നു.
സിനിമ കാണുന്നതിൽ അന്ന് വലിയ പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ തമിഴ് സിനിമ കാണുന്നത് മാരക തെറ്റെന്നൊരു കാര്യമുണ്ടായിരുന്നു. അത് വയലൻസ് വളര്‍ത്തും. അടി ഇടി കണ്ട് കുട്ടികള് വഴിതെറ്റിപോകും എന്നൊക്കെ വീട്ടിലൊക്കെ പറയുമായിരുന്നു. അണ്ണന്‍റെ പടം കണ്ടില്ലെങ്കിൽ, സൺ മ്യൂസിക്കിലെ പാട്ടുകേട്ടില്ലേൽ പഠിക്കൂലയെന്നൊരു വജ്രായുധം ഞാനപ്പോഴൊക്കെ പുറത്തെടുക്കുമായിരുന്നു.
ആറ് വർഷം കട്ടക്ക് പഠിച്ച് ഞാൻ ആയുര്‍വേദ ഡോക്ടറായി. എൻട്രൻസ് എഴുതി റിസൽട്ട് വന്നെങ്കിലും പഠിക്കാൻ പോകാനെനിക്ക് വലിയ താല്‍പര്യമൊന്നുമില്ലാതെയിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചിന്ത വന്നത്. സിനിമാകാരൊക്കെ കേരളത്തിലേക്ക് ആയുര്‍വേദ ചികിത്സയ്ക്കായി വരാറുണ്ട്. ആ ഇടയ്ക്ക് കമൽഹാസൻ അങ്ങനെ വരികയുമുണ്ടായി. ഇനി ഭാവിയിൽ എങ്ങാനും അണ്ണന്‍റെയൊക്കെ ആയുര്‍വേദ ഡോക്ടറായി പോകാനൊരു ഭാഗ്യം ലഭിച്ചാലോ, അങ്ങനെ ഞാൻ കട്ടക്ക് പഠിച്ചു. മാക്സിമം ഹൈലെവലിൽ ഒരു ആയുര്‍വേദ ഡോക്ടറാകണം എന്ന ചിന്തയോടെ. സാധാ ഒരു സിനിമ കാണാൻ പോകുന്നപോലെയല്ല, ഒരു ഉത്സവം കാണാൻ പോകുന്നതുപോലെയാണ് ഞങ്ങൾ കൂട്ടുകാരൊക്കെ ചേർന്ന് വിജയ് പടം കാണാൻ പോവുക. ആ സമയത്തെ സന്തോഷം ഭയങ്കരമാണ്. അതാണ് ഇന്നും ആരാധനയായി മുന്നോട്ടുകൊണ്ടുപോകുന്നത്.
വിജയ് എന്ന വ്യക്തിയോടും ഭയങ്കര ആരാധനയുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരി മരിച്ചപ്പോൾ ഡിപ്രഷൻ മൂലം ഇന്‍ട്രോവെര്‍ട്ട് ആയി പോയയാളാണ്. അത്രയൊക്കെ ഫേസ് ചെയ്തയാള്‍ അതൊക്കെ തരണം ചെയ്ത് ഇപ്പോള്‍ ഏറ്റവും വലിയ ഒറേറ്റര്‍ ആയി. സിനിമയേക്കാൾ അദ്ദേഹത്തിന്‍റെ സ്പീച്ചുകള്‍ക്കും ആരാധകരുണ്ട്. ഓഡിയോ ലോഞ്ചിന് അദ്ദേഹത്തിന്‍റെ സ്പീച്ച് കേള്‍ക്കാനായി എത്രപേരാണ് ഓടിയെത്താറുള്ളത്. ഏറ്റവും വലിയ നെഗറ്റിവിറ്റിയിൽ നിന്നും ഉയർന്നുവന്ന അദ്ദേഹം ഒരു കിടു റോള്‍ മോഡലാണ്. ഡെസ്പായി ഇരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സ്പീച്ചുകൾ തരുന്നൊരു ഇൻസ്പിരേഷൻ ഭയങ്കരമാണ്.
അണ്ണന്‍റെ ബെര്‍ത്ഡേക്ക് ഞാനെങ്ങനെ വിജയ് ഫാനായി എന്ന് പറയുന്നൊരു കോമിക് ബുക് ചെയ്തു. 'ടെയ്ൽ ഓഫ് എ ദളപതി ഫാൻ ഗേള്‍' എന്നു പേരിട്ട അത് അണ്ണന് ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽമീഡിയയിൽ ഇട്ടിരുന്നു. അത് വളരെ വൈറലായി. അതിന്‍റെ അവസാനം ഞാൻ അണ്ണനെ മീറ്റ് ചെയ്യുന്നൊരു സ്വപ്നവും ചേർത്തുവെച്ചിട്ടുണ്ട്. ഏതെങ്കിലും കാലത്ത് അണ്ണനെ കണ്ട് അത് കൊടുക്കണമെന്നുണ്ട്, അഭിരാമിയുടെ വാക്കുകള്‍. വിജയ് എങ്ങനെയാണ് തൻ്റെ വലിയ ഫാൻ ഗേളിനോട് പെരുമാറിയത് എന്ന വലിയൊരു സർപ്രൈസും വീഡിയോയുടെ അവസാന ഭാഗത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഓരോ വിജയ് ആരാധകരുടേയും മനസ്സ് നിറയ്ക്കുന്ന ഈ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
ജീവിതത്തിന്‍റെ നാനാതുറകളിൽ പെട്ട സാധാരണക്കാരായ വ്യക്തികള്‍ തനിക്ക് രക്തബന്ധം പോലുമില്ലാത്ത ഒരു മനുഷ്യനോട്, തിരികെയൊന്നും പ്രതീക്ഷിക്കാതെ അഗാധമായ സ്നേഹം സൂക്ഷിക്കുന്നതിനെയാണ് 'The Fanatic' എന്ന പരിപാടിയിലൂടെ ഭാവന സ്റ്റുഡിയോസ് പരിചയപ്പെടുത്തുന്നത്. ഇതിനകം മോഹൻലാല്‍, മമ്മൂട്ടി, വിദ്യാസാഗർ, പൗലോ കൊയ്‍ലോ എന്നിവരുടെ കടുത്ത ആരാധകരായുള്ളവരെ ഈ പരിപാടിയിലൂടെ വിവിധ എപ്പിസോഡുകളിൽ പരിചയപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.
നിഖിൽ എന്ന ചെറുപ്പക്കാരന് പിടിക്കപ്പെടില്ലെന്ന ഉറപ്പ് നൽകുന്നത് ആരാണ്?: ചോദ്യങ്ങളുമായി സജിത മഠത്തിൽ
16 മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ജൂൺ 22ന് വിജയ്‍യുടെ ജന്മദിനം കൂടിയാണ്. അതിന് മുന്നോടിയായി എത്തിയിരിക്കുന്ന ഈ വീഡിയോ ഏറെ മധുരമുള്ളൊരു ജന്മദിന സമ്മാനമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ