Latest Videos

'അത് വിജയ്‍യെയും ആരാധകരെയും ഒരുപോലെ വിഷമിപ്പിച്ചു'; ചെരുപ്പേറില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജയ് മക്കള്‍ ഇയക്കം

By Web TeamFirst Published Jan 4, 2024, 4:00 PM IST
Highlights

സൂപ്പര്‍താരത്തിന്‍റെ തലയുടെ പിന്നിലൂടെ ചെരിപ്പ് തെറിച്ച് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകപ്പോരിന് വഴിതുറന്നിരുന്നു

അന്തരിച്ച തമിഴ് താരം വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയ നടന്‍ വിജയ്‍ക്കെതിരെ ചെരുപ്പേറ് ഉണ്ടായത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് എത്തി മടങ്ങുന്നതിനിടെയാണ് വിജയ്ക്ക് നേരെ ചെരിപ്പേറ് ഉണ്ടായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് വിജയ്‍യുടെ ആരാധക കൂട്ടായ്‍മയായ വിജയ് മക്കള്‍ ഇയക്കം. ചെന്നൈ പൊലീസിലാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹി പരാതി നൽകിയിരിക്കുന്നത്.

സൂപ്പര്‍താരത്തിന്‍റെ തലയുടെ പിന്നിലൂടെ ചെരിപ്പ് തെറിച്ച് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകപ്പോരിന് വഴിതുറന്നിരുന്നു. മറ്റൊരു പ്രമുഖ നടന്‍റെ ആരാധക്കൂട്ടായ്മ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഇതിനെല്ലാം പിന്നാലെയാണ് വിജയ് മക്കൾ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്‍റ് കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്. ഡിസംബര്‍ 28 ന് രാത്രിയിൽ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ വിജയ്‍യെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നും പരാതിയിൽ പറയുന്നു. കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസിന്‍റെ ഉറപ്പ്.

അതേസമയം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലാണ് വിജയ്‍യുടെ പുതിയ ചിത്രം. സയന്‍സ് ഫിക്ഷന്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ദി ​ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സം​ഗീത സംവിധാനം. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, യോ​ഗി ബാബു. വിടിവി ​ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ് ആകാശ്, അജയ് രാജ്, ​ഗഞ്ജ കറുപ്പ്, പാര്‍വതി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : ഷറഫുദ്ദീന്‍റെ 'തോല്‍വി എഫ്‍സി' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!