വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി; തന്‍റേതല്ല, അച്ഛന്‍റേതെന്ന് വിജയ്

By Web TeamFirst Published Nov 5, 2020, 8:28 PM IST
Highlights

മാധ്യമങ്ങളിലൂടെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്‍റെ വിവരം വിജയ് അറിഞ്ഞതെന്നും പുതിയ പാര്‍ട്ടിക്ക് അദ്ദേഹവുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് പ്രതികരിച്ചു.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള 'സൂചനകള്‍' വീണ്ടും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിനിടെ താരത്തിന്‍റെ ആരാധക സംഘടനയുടെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി. 'ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം' എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് മിനിറ്റുകള്‍ക്കകം വിജയ്‍യുടെ ഓഫീസ് പക്ഷേ പ്രതികരണവുമായി എത്തി. പുതിയ പാര്‍ട്ടിയുമായി വിജയ്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്.

മാധ്യമങ്ങളിലൂടെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്‍റെ വിവരം വിജയ് അറിഞ്ഞതെന്നും പുതിയ പാര്‍ട്ടിക്ക് അദ്ദേഹവുമായി ബന്ധമൊന്നുമില്ലെന്നും ഓഫീസ് പ്രതികരിച്ചു. "എന്‍റെ അച്ഛന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആരാധകരേയും പൊതുജനത്തെയും ഞാന്‍ അറിയിക്കുന്നു. ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എന്‍റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു. നമ്മുടെ 'ഇയക്ക'വുമായി (ഫാന്‍ ക്ലബ്ബ്) ആ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല." തന്‍റെ പേരോ ചിത്രമോ ഫാന്‍സ് അസോസിയേഷനോ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയ്‍യുടെ പേരില്‍ അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

totally distances himself from the political party floated by his father in his name. He also warns his fans not to be misled and join the outfit. pic.twitter.com/xrOnz6UQzk

— Sreedhar Pillai (@sri50)

അതേസമയം ആരാധക സംഘത്തിന്‍റെ പേരിലുള്ള പാര്‍ട്ടി രജിസ്ട്രേഷന്‍ വാര്‍ത്തയായതിനു പിന്നാലെ പിതാവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത് വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്നത് തനിക്ക് പറയാനാവില്ലെന്നുമായിരുന്നു എസ് എ ചന്ദ്രശേഖറിന്‍റെ പ്രതികരണം. "ഫാന്‍സ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ വിജയ്‍യുടെ പേരില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതിനാലാണ് ഈ നീക്കം", പുതിയ തലൈമുറൈ ടിവിയോട് അദ്ദേഹം പറഞ്ഞു. താന്‍ ജനറൽ സെക്രട്ടറിയും ഭാര്യ  ശോഭയെ ട്രഷററുമാക്കിയാണ് എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പുതിയ പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. 

click me!