
ചെന്നൈ: തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യയില്‍ ഒട്ടാകെയും ഉത്തരേന്ത്യയില്‍ പോലും ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മഹാരാജ, 96 അടക്കമുള്ള ചില മിന്നും വിജയങ്ങള്‍ ഉണ്ടെങ്കിലും സോളോ ചിത്രങ്ങള്‍ എന്നും താരത്തിന് തിരിച്ചടിയാണ് അതില്‍ പുതിയ ഉദാഹരണമാണ് എയ്സ് എന്ന ചിത്രം. മെയ് മാസം 23 ന് റിലീസായി ചിത്രം വലിയ ബോക്സോഫീസ് ദുരന്തമായി മാറിയിരുന്നു.
അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. നിരൂപകരില്‍ നിന്ന് ഏറെക്കുറെ മോശം അഭിപ്രായങ്ങളും. ഈ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.
20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരിക്കുന്നത്. രുക്മിണി വസന്ത് നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, ബി എസ് അവിനാഷ്, ബബ്ലൂ പൃഥ്വിരാജ്, ദിവ്യ പിള്ള, രമേശ് തിലക് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ ചിത്രം ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരു മാസം പോലും തികയും മുന്‍പേ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇത് ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
എയ്സിന്‍റെ പിന്നണിയില്‍ കരണ്‍ ബി റാവത്ത് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫെന്നി ഒളിവര്‍, ഗാനങ്ങള്‍ ജസ്റ്റിന്‍ പ്രഭാകരന്‍, പശ്ചാത്തല സംഗീതം സാം സി എസ് എന്നിവരാണ്.