‘സീനിയേഴ്സിനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വിദ്യാർത്ഥിയാണ്, അവരിൽ നിന്ന് പഠിക്കാൻ ഇനിയുമേറെ‘; വിജയ് സേതുപതി

By Web TeamFirst Published Jan 28, 2021, 12:30 PM IST
Highlights

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴെല്ലാം ഞാൻ ഒരു കുട്ടിയെപ്പോലെയാണ്. ഇതിനോടകം 40-50 സിനിമകൾ ചെയ്തെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വരുമ്പോഴെല്ലാം വളരെ സന്തോഷം തോന്നാറുണ്ടെന്നും സേതുപതി കൂട്ടിച്ചേർത്തു. 

മിഴകത്തിന്റെ മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. നായകനായും വില്ലനായും അഭിനയിച്ച് ഞെട്ടിക്കുന്ന അതുല്യ പ്രതിഭ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍, പുറത്തിറങ്ങിയ മാസ്റ്ററിലടക്കം അമ്പരപ്പിക്കുന്ന പ്രകടനമാണ് സേതുപതി കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ സീനീയർ ആർട്ടിസ്റ്റുകളോടൊപ്പം പ്രവർത്തിക്കുമ്പോൾ തന്നെത്തന്നേ ഒരു വിദ്യാർഥിയായാണ് കാണുന്നതെന്ന് പറയുകയാണ് വിജയ് സേതുപതി.

‘എപ്പോഴെല്ലാം സീനീയർ ആർട്ടിസ്റ്റുകളോടൊപ്പം പ്രവർത്തിക്കുന്നോ അപ്പോഴെല്ലാം ‍ഞാൻ എന്നെത്തന്നേ ഒരു വിദ്യാർഥിയായാണ് കാണുന്നത്. സിനിമയിൽ ഇരുപത്തഞ്ച് വർഷത്തെ പരിചയമുള്ള വിജയ്, രജനി സാർ, ചിരഞ്ജീവി സാർ, ഇവരിൽ നിന്നൊക്കെ എനിക്ക് ഒരുപാട് പഠിക്കാന്‍ ഇനിയുമുണ്ട്’, പിറ്റിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. 

ചില വെല്ലുവിളികൾ ജീവിതത്തെ മാറ്റി മറിക്കും. അതിപ്പോൾ മാസ്റ്ററിലെ വില്ലൻ വേഷമായാലും, ഡ്യൂലക്സിലെ ട്രാൻസ് കഥാപാത്രമായാലും. അവയ്ക്ക് ചിലവിട്ട സമയം ഒരുകാലത്തും പാഴായി പോകില്ലെന്നും സേതുപതി പറയുന്നു.  സംവിധായകനായ ലോകേഷ് കനകരാജാണ് മാസ്റ്ററിലെ വില്ലൻ വേഷം ചെയ്യാൻ എല്ലാ പിന്തുണയും നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

‘ഒരു കലാരൂപത്തിനോ കലാകാരന്മാർക്കോ ഭാഷ തടസ്സമാകില്ല. അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങൾ വളരെയധികം കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു, അത് ഞങ്ങൾക്ക് പക്വത നൽകുന്നു. എനിക്ക് ഈ​ഗോ ഉണ്ടെങ്കിൽ, അതിനർത്ഥം എനിക്ക് പക്വതയില്ലെന്നാണ്. ഞാൻ ഉത്തരവാദിത്തത്തോടെ എന്റെ ജോലി ചെയ്യുകയാണെങ്കിൽ, ഞാൻ ഇവിടെ തന്നെ ഉണ്ടാകും‘, എന്നും വിജയ് സേതുപതി പറയുന്നു. 

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴെല്ലാം ഞാൻ ഒരു കുട്ടിയെപ്പോലെയാണ്. ഇതിനോടകം 40-50 സിനിമകൾ ചെയ്തെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വരുമ്പോഴെല്ലാം വളരെ സന്തോഷം തോന്നാറുണ്ടെന്നും സേതുപതി കൂട്ടിച്ചേർത്തു. ജനുവരി 13ന് തിയറ്ററുകളിൽ ഇറങ്ങിയ രാജ്യത്തെ ആദ്യ കൊവിഡാനന്തര റിലീസായ മാസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ജനുവരി 29ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. 

click me!