
രണ്ടാഴ്ച മുന്‍പാണ് തമിഴ് താരം വിജയ്‌യുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. വിജയ്‌യുടേതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന 'ബിഗില്‍' എന്ന ചിത്രത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടന്നത്. മുപ്പത് മണിക്കൂറോളം നീണ്ട പരിശോധനയിലും ചോദ്യംചെയ്യലിലും വിജയ്‌യില്‍ നിന്ന് ക്രമക്കേട് സംബന്ധമായ രേഖകളോ പണമോ കണ്ടെത്താന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഈ സംഭവത്തിന് ശേഷം വിജയ്‌ക്കെതിരായ ചില ആസൂത്രിത പ്രചാരണങ്ങള്‍ തുടര്‍ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായ തോതില്‍ ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിന് വിജയ് ചുക്കാന്‍ പിടിക്കുന്നുണ്ടെന്നായിരുന്നു അത്തരം പ്രചരണങ്ങളില്‍ ഒന്ന്. തമിഴ് സിനിമാലോകത്ത് അതിനുവേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിജയ്‌യെക്കൂടാതെ വിജയ് സേതുപതി, ഹാരിസ് ജയരാജ്, ഹരാതി തുടങ്ങിയവരും ഇതില്‍ പങ്കാളികളാണെന്നുമൊക്കെ സോഷ്യല്‍ മീഡിയ വഴി പ്രചരണം തകര്‍ത്തു. വിജയ് സേതുപതി ഇത്തരം പ്രചരണങ്ങളെ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ മിശ്രവിവാഹിതരായ ദമ്പതികളുടെ മകനായ വിജയ്‌യുടെ മതം പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുള്ള പ്രചരണങ്ങളോട് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍.
വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ അതിന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നു അദ്ദേഹം. മതവിശ്വാസത്തിന് അമിതപ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും അദ്ദേഹം പറയുന്നു.
'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. ഹിന്ദുമത വിശ്വാസിയായ ശോഭയെ 45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരിക്കല്‍ പോലും അവരുടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. ഒരിക്കല്‍ മാത്രമാണ് ഞാന്‍ ജറുസലേമില്‍ പോയിട്ടുള്ളത്. അതേസമയം തിരുപ്പതി ക്ഷേത്രം മൂന്ന് തവണ സന്ദര്‍ശിച്ചിട്ടുമുണ്ട്. അവിടെവച്ച് തല മുണ്ഡനം ചെയ്തിട്ടുമുണ്ട്. സംഗീത എന്ന ഹിന്ദു പെണ്‍കുട്ടിയെയാണ് വിജയ് വിവാഹം ചെയ്തത്. അവരുടെ വീട്ടില്‍ ഒരു വലിയ പൂജാമുറിയുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?', ചന്ദ്രശേഖര്‍ ചോദിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ