
മുംബൈ: 30 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടും ഭാര്യ ശ്വേതാംബരി ഭട്ടും അറസ്റ്റില്‍. രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ഉദയ്പൂര്‍ പൊലീസ് മുംബൈയില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുംബൈയിലെ യാരി റോഡ് ഭാഗത്തുള്ള വിക്രം ഭട്ടിന്‍റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. രാജസ്ഥാന്‍ പൊലീസും മുംബൈ പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇന്ദിര ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയയില്‍ നിന്നും 30 കോടി തട്ടി എന്നതാണ് കേസ്. കേസില്‍ വിക്രം ഭട്ടിനെയും ഭാര്യയെയും കൂടാതെ മറ്റ് ആറ് പേര്‍ കൂടി കുറ്റാരോപിതരാണ്.
ഉദയ്പൂരിലെ ഭൂപല്‍പുര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡോ. അജയ് മുര്‍ദിയ ആരോപിക്കുന്നത് പ്രകാരം സിനിമാ നിര്‍മ്മാണത്തിനായി വിക്രം ഭട്ട് തന്നില്‍ നിന്നും 30 കോടി രൂപ കൈപ്പറ്റി. നാല് ചിത്രങ്ങളുടെ നിര്‍മ്മാണത്തിനായി 30 കോടി രൂപ മുടക്കിയാല്‍ 200 കോടി തിരിച്ചുകിട്ടുമെന്ന് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ഡോ. അജയ് മുര്‍ദിയ പറയുന്നു. ഇതില്‍ ഒരു സിനിമ അജയ്‍യുടെ പരേതയായ ഭാര്യയുടെ ജീവചരിത്ര ചിത്രം ആയിരിക്കുമെന്നും വിക്രം ഭട്ട് പറഞ്ഞിരുന്നുവെന്നും എഫ്ഐആറില്‍ ഉണ്ട്.
എട്ട് പേരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്. വിക്രം ഭട്ടിനെയും ഭാര്യയെയും കൂടാതെ അവരുടെ മകള്‍ കൃഷ്ണ, ഉദയ്പൂര്‍ സ്വദേശി ദിനേഷ് കതാരിയ, സഹനിര്‍മ്മാതാവ് അന്‍സാരി ഈ കൂട്ടത്തില്‍ ഉണ്ട്. ഡോ. അജയ് മുര്‍ദിയയ്ക്ക് തന്‍റെ ഭാര്യയുടെ ജീവിതം പറയുന്ന ഒരു സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് പറയുന്നു. കുറ്റാരോപിതരെ വിട്ടുകിട്ടാന്‍ രാജസ്ഥാന്‍ പൊലീസ് ബാന്ദ്ര കോടതിയില്‍ അപേക്ഷ നല്‍കും. വിക്രം ഭട്ടിനും ഭാര്യയ്ക്കും മറ്റ് കുറ്റാരോപിതര്‍ക്കുമായി ഉദയ്പൂര്‍ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കഴിഞ്ഞ മാസം തനിക്കെതിരായ ആരോപണങ്ങള്‍ വിക്രം ഭട്ട് നിഷേധിച്ചിരുന്നു. പൊലീസ് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നാണ് സംവിധായകന്‍റെ വാദം. 14-ാം വയസില്‍ സംവിധാന സഹായിയായി സിനിമയില്‍ എത്തിയ ആളാണ് വിക്രം ഭട്ട്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.