'കെന്നഡി ചിത്രം എഴുതിയത് വിക്രത്തെ കണ്ട്; പക്ഷെ സമീപിച്ചപ്പോള്‍ വിക്രം പ്രതികരിച്ച് പോലും ഇല്ല'

By Web TeamFirst Published May 22, 2023, 5:41 PM IST
Highlights

കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അനുരാഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. 

കാന്‍: അനുരാഗ് കശ്യപ് ഇപ്പോള്‍ കാനിലാണ്. ഇദ്ദേഹത്തിന്‍റെ ചലച്ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോണ്‍,  രാഹുല്‍ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കെന്നഡി. 

കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അനുരാഗ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കെന്നഡിയില്‍ ടൈറ്റില്‍ റോളില്‍ താന്‍ ആദ്യം ആലോചിച്ചത് രാഹുൽ ഭട്ടിനെയല്ലെന്നാണ് അനുരാഗ് പറയുന്നത്. "ഞാൻ ഈ സിനിമ എഴുതുമ്പോൾ ഒരു പ്രത്യേക നടനായിരുന്നു  എന്റെ മനസ്സിൽ. അതുകൊണ്ടാണ് ചിത്രത്തിന് കെന്നഡി എന്ന് പേരിട്ടത്."

ആരാണ് ആ നടന്‍ എന്ന് ചോദിച്ചപ്പോള്‍ ഇതിന് അനുരാഗ് ഉത്തരം നല്‍കി. "ആ നടന്‍റെ വിളിപ്പേര്‍ കെന്നി  എന്നാണ്. അതിനാല്‍ പടത്തിന് കെന്നഡിയെന്ന് പേരിട്ടു. അത് വിക്രമാണ്. ചിയാൻ വിക്രമിന്റെ യഥാർത്ഥ പേര് കെന്നഡി എന്നാണ്. ഞാൻ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ എന്നോട് അദ്ദേഹം പ്രതികരിച്ചില്ല. പിന്നീടാണ് ഞാന്‍ രാഹുലിനെ സമീപിച്ച് സ്ക്രിപ്റ്റ് വായിക്കാന്‍ നല്‍കിയത്.

സ്ക്രിപ്റ്റ് വായിച്ച് വളരെ ആവേശത്തോടെയാണ് അയാള്‍ പ്രതികരിച്ചത്. ആരാണ് ഈ റോള്‍ ചെയ്യുന്നത്? എന്നാണ് രാഹുല്‍ എന്നോട് ചോദിച്ചത്. നിങ്ങൾ ചെയ്യുമോ? എന്നാണ് ഞാന്‍ ചോദിച്ചത്. ഞാനോ എന്ന് രാഹുല്‍ അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു. ഇത് ചെയ്യണമെങ്കില്‍ പൂര്‍ണ്ണമായും ഇതിന് മാറ്റിവയ്ക്കേണ്ടിവരും എന്ന് അവനോട് ഞാന്‍ പറഞ്ഞു. അവന്‍ ചെയ്യേണ്ട ചില സിനിമകള്‍ ഉപേക്ഷിച്ച് എട്ട് മാസമാണ് കെന്നഡിക്കായി നല്‍കിയത്" - അനുരാഗ് കാശ്യപ് പറഞ്ഞു.

ഇതാദ്യമായാണ് അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം പ്രവർത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവര്‍ത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് അഗ്ളി എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ചിത്രം 2013-ൽ കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ ദോബാര എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

കാനില്‍ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മെയ് 16ന് തുടങ്ങിയ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 27നാണ് അവസാനിക്കുക. 

'എനിക്കൊന്നും തോന്നിയില്ല..'; പഠാൻ ബിക്കിനി വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ദീപിക

വിജയ് നായകനാകുന്ന ചിത്രത്തില്‍ അജിത്തുമുണ്ടാകുമോ? സംവിധായകന്റെ പ്രതികരണം

click me!