
പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്തായ ജി ആര്‍ ഇന്ദുഗോപന്‍റെ കഥകളിലെ രണ്ട് കഥാപാത്രങ്ങളെ ബിഗ് സ്ക്രീനില്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത്, ഇപ്പോള്‍ തിയറ്ററുകളിലുള്ള കാപ്പ, ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ്. ചിത്രത്തിന്‍റെ തിരക്കഥയും ഇന്ദുഗോപന്‍റേത് ആയിരുന്നു. പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രവും ഇന്ദുഗോപന്‍റെ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇന്ദുഗോപന് എഴുതിയ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി അതേപേരില്‍ ഒരുങ്ങുന്ന സിനിമയില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഒരു മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദുഗോപനൊപ്പം രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ ആണ് നിര്‍മ്മാണം.
ALSO READ : കളക്ഷന്‍ 12,000 കോടി! അവതാര്‍ 3, 4, 5 ഭാഗങ്ങളില്‍ ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വിലായത്ത് ബുദ്ധ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകൻ ജയൻ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ