
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം വൈകുന്നതിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ചാലക്കുടിയില്‍ കലാഭവന്‍ മണിക്ക് ഒരു സ്മാരകം ഉയരാത്തതിന്‍റെ പേരിലുള്ള തര്‍ക്കം തന്നെ വേദനിപ്പിക്കുന്നുവെന്നും കേരളം ഒട്ടും മറന്നുകൂടാത്ത വ്യക്തിയാണ് മണിയെന്നും വിനയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് വിനയന്‍റെ പ്രതികരണം.
വിനയന്‍ പറയുന്നു
"ഇത് കേട്ടപ്പോള്‍ വളരെ ഹൃദയവേദന ഉണ്ടായി. മണിയുടെ ഒരു സ്മാരകം നടക്കാത്തതിന്‍റെ പേരിലുള്ള തര്‍ക്കം, ഇത്രയും നാളായിട്ടും അത് നടക്കുന്നില്ല എന്നൊക്കെ അറിഞ്ഞപ്പോള്‍ വളരെ വേദന തോന്നി. സാംസ്കാരിക കേരളം ഒട്ടും മറന്നുകൂടാത്ത ഒരു വ്യക്തിയാണ് കലാഭവന്‍ മണി. ഒരു കലാകാരന്‍ എന്നതിനപ്പുറം അദ്ദേഹം നാടന്‍ പാട്ടിന് നല്‍കിയ സംഭാവനകള്‍. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി സാര്‍ മരിച്ചപ്പോഴത്തെ ജനബാഹുല്യത്തെപ്പറ്റിയൊക്കെ നമ്മള്‍ പറയുന്നുണ്ടല്ലോ. എന്തായിരുന്നു മണി മരിച്ചപ്പോള്‍ ചാലക്കുടിയില്‍ ഉണ്ടായ ഒരു ജനബാഹുല്യം? കേരളം മുഴുവന്‍ അദ്ദേഹത്തിന് കൊടുത്ത ആദരവുമൊക്കെ നമ്മള്‍ ഓര്‍ക്കുന്നുണ്ടോ? ഒരു കലാകാരനും നടനും കിട്ടാത്ത തരത്തിലുള്ള ആദരവായിരുന്നു അത്. ഒരു അസാമാന്യ വ്യക്തിത്വമായിരുന്നു മണി. ഏത് കലാകാരനും അവനവന്‍റേതായ രാഷ്ട്രീയവും അഭിപ്രായവുമൊക്കെ ഉണ്ടാവാം. അതൊക്കെ വേറെ കാര്യമാണ്. സ്വന്തം പട്ടിണിയെപ്പറ്റിയും വേദനയെപ്പറ്റിയും പാടിയും പറഞ്ഞും കേരളത്തിന്‍റെ മനസാക്ഷിയില്‍ കയറിയ ഒരു അനശ്വര കലാകാരനാണ് മണി. 20 സെന്‍റ് സ്ഥലം ഉണ്ടെന്നാണ് ഞാന്‍ കേട്ടത്. 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേട്ടു. തറക്കല്ലിട്ട് പെട്ടെന്നുതന്നെ പണി തുടങ്ങാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ഇടപെടണം."
എംഎല്‍എയും നഗരസഭയുമാണ് സ്മാരകം വൈകുന്നതിന് കാരണക്കാരെന്ന് ആരോപിച്ച് കലാകാരന്മാരും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ മണിമുഴക്കമെന്ന പേരില്‍ മുന്‍സിപ്പല്‍ പരിസരത്തായിരുന്നു കലാകാരന്മാരുടെ കൂട്ടായ്മയും പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടിയില്‍ പ്രഖ്യാപിച്ച മണി സ്മാരകത്തോടും പാര്‍ക്കിനോടുമുള്ള അവഗണന, റോഡുകള്‍ക്കു നല്‍കിയ കലാഭവന്‍ മണിയുടെ പേര് നീക്കം ചെയ്ത് എന്നിവയാണ് പ്രതിഷേധത്തിന്റെ കാരണം. സ്മാരകത്തിന് 2017ലെ ബജറ്റില്‍ 50 ലക്ഷം അനുവദിച്ചിരുന്നു. 2021 ല്‍ ബജറ്റ് പുതുക്കി മൂന്നു കോടിയാക്കി. ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായി കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. സ്മാരക നിര്‍മാണത്തിന് ദേശീയ പാതയോട് ചേര്‍ന്ന ഭൂമി വിട്ടു നല്‍കാൻ നഗരസഭ വൈകിയെന്നാണ് ആരോപണം. എന്നാല്‍ സര്‍ക്കാരും സാംസ്കാരിക വകുപ്പും പദ്ധതി ഇട്ടിഴയ്ക്കുന്നെന്നാണ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നല്‍കുന്ന മറുപടി. 2017 ല്‍ 50 ലക്ഷം അനുദിച്ചിട്ടും നാലു കൊല്ലം ഒന്നും ചെയ്യാതിരുന്നത് മുന്‍ സിപിഎം എംഎല്‍എ ബിഡി ദേവസിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ALSO READ : മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 200 കോടിയുടെ 'വൃഷഭ' തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ