
സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). കഴിഞ്ഞ ഏതാനും നാളുകളായി ഈ ബിഗ് ബജറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വിനയൻ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി ഇരുപത്തി ഏഴാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയൻ.
നടൻ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കേളു എന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേർച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നതെന്ന് വിനയൻ കുറിക്കുന്നു.
വിനയന്റെ വാക്കുകൾ
ഇന്ദ്രൻസ് എന്ന കഴിവുറ്റ നടൻ ജീവൻ നൽകിയ കേളു എന്ന കഥാപാത്രത്തെയാണ് പത്തൊൻപതാം നൂറ്റാണ്ടിൻെറ 27-ാം ക്യാരക്ടർ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്.. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യൻ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേർച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്..
ഇന്ദ്രൻസ് തൻെറ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി... ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കുറിൽ ഈ സിനിമയുടെ കഥപറഞ്ഞു തീർക്കുമെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. തീയറ്ററിൽ സിനിമ വന്നു കഴിയുമ്പോൾ നിങ്ങൾക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശ വാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ..ഇതുവരെ പ്രേക്ഷകർക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷൻെറ സാഹസിക കഥ പറയുന്ന ആക്ഷൻ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകൻ സിജു വിത്സനാണ്.
ഈ ചരിത്ര സിനിമയിൽ സാങ്കേതിക മേന്മയ്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് മതിയായ സമയം ആവശ്യമായതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൻെറ റിലീസ് കൃത്യമായി ഇപ്പോൾ അനൗൺസ് ചെയ്യുന്നില്ല .. ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ചിത്രം തീയറ്റർ റിലീസ് തന്നെ ആയിരിക്കും..