വിൻസി അലോഷ്യസിന്‍റെ പരാതി; ഇന്‍റേണൽ കമ്മിറ്റി യോഗം നടന്ന വേദിയെ ചൊല്ലി വിവാദം, ഫിലിം ചേംബറിന് അതൃപ്തി

Published : Apr 22, 2025, 08:57 AM IST
വിൻസി അലോഷ്യസിന്‍റെ പരാതി; ഇന്‍റേണൽ കമ്മിറ്റി യോഗം നടന്ന വേദിയെ ചൊല്ലി വിവാദം, ഫിലിം ചേംബറിന് അതൃപ്തി

Synopsis

നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ വേദിയെ ചൊല്ലി വിവാദം. ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിൽ നടത്തിയതിലാണ് ഫിലിം ചേംബറിന് എതിര്‍പ്പുള്ളത്.

എറണാകുളം: നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ വേദിയെ ചൊല്ലി വിവാദം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലാണ് ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം നടന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസിൽ യോഗം നടത്തിയതിൽ ഫിലിം ചേംബറിൽ അഭിപ്രായ വ്യത്യാസമുണ്ട്. സിനിമ സംഘടനയുടെ ഓഫീസിൽ ഇന്‍റേണൽ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്‍റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.

സിനിമ സംഘടനയുടെ ഓഫീസുകളിൽ യോഗം ചേരാൻ പാടില്ലെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാൽ, ഇത് കണക്കിലെടുക്കാതെ സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലെ ഹാളിൽ യോഗം ചേരുകയായിരുന്നുവെന്നാണ് വിവരം. ഇത്തരമൊരു സുപ്രധാന യോഗം സിനിമ സംഘടനയുടെ ഓഫീസിൽ ചേര്‍ന്നത് സുതാര്യതയെയും നിക്ഷപക്ഷതയെയും ബാധിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസായി കാണേണ്ടതില്ലെന്നും അവര്‍ വാടകക്ക് നൽകുന്ന അവരുടെ ഹാളിലാണ് യോഗം ചേര്‍ന്നതെന്നുമാണ് സിനിമ അധികൃതരുടെ വിശദീകരണം. അതേസമം, നടി വിൻസി അലോഷ്യസിന്‍റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഇന്‍റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.. 

ഇന്‍റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തന്‍റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്‍റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഷൈൻ ടോം ചാക്കോയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്.

ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കി ഫിലിം ചെമ്പറിന്‍റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മിറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്. 

'ഭാവിയിൽ തലവേദനയാകുമോയെന്ന് ആശങ്ക'; പിവി അൻവറിന് മുന്നിൽ ഫോര്‍മുല വെക്കാൻ കോണ്‍ഗ്രസ്

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും