'നഖക്ഷതങ്ങളി'ലെ രാമു മുതൽ 'ഭൗമ'യിലെ സാമുവൽ വരെ; നാല് പതിറ്റാണ്ടുകളായി സിനിമാലോകത്ത് സ്വയം പുതുക്കിക്കൊണ്ട് സജീവ സാന്നിധ്യമായി വിനീത്

Published : Nov 15, 2026, 09:53 PM IST
Bouma Malayalam movie

Synopsis

റെജിൻ എസ്. ബാബു സംവിധാനം ചെയ്ത 'ഭൗമ' എന്ന മിസ്റ്ററി ത്രില്ലറിൽ വിനീത് സാമുവൽ എന്ന നിഗൂഢ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

പതിനഞ്ചാം വയസ്സിൽ പ്രണയ നായകനായി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ നടനാണ് വിനീത്. 'നഖക്ഷതങ്ങളി'ലെ രാമുവും 'ഒരിടത്തി'ലെ ജോസൂട്ടിയും 'കമലദള'ത്തിലെ സോമശേഖരനുണ്ണിയും 'സർഗ'ത്തിലെ ഹരിദാസും 'ഗസലി'ലെ മുനീറും 'കാബൂളിവാല'യിലെ മുന്നയും 'മാനത്തെ വെള്ളിത്തേരി'ലെ രമേശും 'മഴവില്ലി'ലെ വിജയ്യും അടക്കം എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യവുമായി ഒട്ടേറെ മറക്കാനാവാത്ത കഥാപാത്രങ്ങളിലൂടെ നിറ സാന്നിധ്യമായിരുന്നു വിനീത്. കാലം മാറുമ്പോള്‍ ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവന്ന അദ്ദേഹം 'എക്കോ'യിലെ മോഹൻ പോത്തനും 'സർവ്വം മായ'യിലെ വിനോദ് മാത്യു മാഞ്ഞൂരാനും 'റോസ്‍ലിൻ' സീരീസിലെ ജോണും ഏറ്റവും ഒടുവിൽ 'ഭൗമ'യിലെ സാമുവലുമായി അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. പല അടരുകളിലുള്ള സാമുവൽ എന്ന വേഷത്തെ 'ഭൗമ'യിൽ അനശ്വരമാക്കിയിരിക്കുകയാണ് അദ്ദേഹം. ഓരോ നോക്കിലും വാക്കിലും നടപ്പിലും ശരീര ഭാഷയിലും അദ്ദേഹം കൊണ്ടുവന്നിരിക്കുന്ന സൂക്ഷ്മതയും കൃത്യതയുമായി നന്നായി രാകി മിനുക്കിയ കഠാര മൂർച്ചയോടെ ഈ കഥാപാത്രം പ്രേക്ഷക മനസ്സിലേക്ക് ആഴ്‍ന്നിറങ്ങിയിരിക്കുകയാണ്.

റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'ഭൗമ'യിൽ ഹൈറേഞ്ചിലെ റോസ് വില്ല എന്ന എസ്റ്റേറ്റ് ബംഗ്ലാവിന്‍റെ പരിപാലകനായാണ് വിനീത് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ നിഗൂഢമാണ് സാമുവൽ എന്ന കഥാപാത്രം. അയാൾക്ക് ചില രഹസ്യങ്ങളുണ്ട്, ആ രഹസ്യങ്ങൾ തേടിയുള്ള ചിലരുടെ യാത്രയും അതിനിടയിലെ സംഭവങ്ങളുമൊക്കെയാണ് ചിത്രം. തീർച്ചയായും വിനീതിലെ നടനെ വെല്ലുവിളിക്കുന്നൊരു കഥാപാത്രം തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം.

വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് സാമുവൽ എന്ന കഥാപാത്രം.അതിനാൽ തന്നെ പ്രായ വ്യത്യാസത്തിനനുസരിച്ച് രൂപഭാവം, ശരീരഭാഷ, വേഷം എന്നിവയിലടക്കം വ്യത്യാസങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഏത് കാലഘട്ടത്തിലും ആ കണ്ണുകളിലുള്ള ദുരൂഹതയെ പ്രേക്ഷകർക്ക് സിനിമയുടെ അവസാനം വരെ വായിച്ചെടുക്കാനാകും. താൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു വേഷമാണ് വിനീത് 'ഭൗമ'യിൽ ചെയ്തിട്ടുള്ളത്. അത് സമാനതകളില്ലാത്ത വിധം അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുമുണ്ട്. പലപ്പോഴും ശബ്ദനിയന്ത്രണം കൊണ്ടും ശരീരഭാഷ കൊണ്ടും വിനീത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.

ഒരു ഗോഥിക് മിസ്റ്ററി ത്രില്ലറിന് വേണ്ട എല്ലാ ഭീതിജനകമായ അന്തരീക്ഷവും ഒരുക്കുന്നതിൽ സംവിധായകൻ റെജിൻ എസ്. ബാബുവും സംഘവും വിജയിച്ചിട്ടുണ്ട്. ശരൺ വേലായുധന്‍റെ മികവാർന്ന ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്‍റെ ഹോണ്ടിങ് ആയ പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. എഡിറ്റിംഗും കലാസംവിധാനവും ശബ്‍ദമിശ്രണവും തിയേറ്റർ അനുഭവം മികച്ചതാക്കുന്നുണ്ട്. സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു ഡാർക്ക് മിസ്റ്ററി ത്രില്ലറാണ് 'ഭൗമ'. ത്രില്ലർ സിനിമകളെയും വിനീതിന്‍റെ വേറിട്ട പ്രകടനത്തെയും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തിയേറ്ററിൽ പോയി കാണാനാകും. ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെയിൽ മമ്മൂട്ടി ചിത്രം 'പദയാ‍ത്ര'യ്‍ക്കൊപ്പം തിളങ്ങാൻ ദിലീഷ് പോത്തൻ നായകനായെത്തുന്ന 'ചെവിട്ടോർമ്മ'യും
ക്ലൈമാക്സിലെ ആകാംക്ഷയ്ക്ക് ഉത്തരമാകുന്നു; 'ഭൗമ 2' ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ