'തട്ടത്തിന്‍ മറയത്തി'ന് ഒന്‍പത് വയസ്; 'ഹൃദയ'ത്തിന്‍റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്ററുമായി വിനീത്

By Web TeamFirst Published Jul 6, 2021, 11:25 PM IST
Highlights

 പ്രണവിനും ദര്‍ശനയ്ക്കുമൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററില്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍തവയില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്ന 'തട്ടത്തിന്‍ മറയത്ത്' തിയറ്ററുകളില്‍ എത്തിയതിന്‍റെ ഒന്‍പതാം വാര്‍ഷികത്തിലാണ് പുതിയ ചിത്രമായ ഹൃദയത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.

ഹൃദയത്തിന്‍റെ തിരക്കഥ ആദ്യമായി പറഞ്ഞത് ദര്‍ശനയോടായിരുന്നെന്നും ആദ്യമായി പ്രോജക്റ്റിലേക്ക് എത്തിയതും അവര്‍ തന്നെയായിരുന്നെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. പ്രണവിനും ദര്‍ശനയ്ക്കുമൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇവര്‍ മൂവരും ഉണ്ടായിരുന്നു.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണിത്.

click me!