'വീണ്ടും കാണാൻ തോന്നുന്നു', ഗൗതം മേനോന്റെ 'വെന്തു തനിന്തതു കാടി'നെ കുറിച്ച് വിനീത് ശ്രീനിവാസൻ

By Web TeamFirst Published Sep 17, 2022, 5:07 PM IST
Highlights

ഗൗതം വാസുദേവ് മേനോൻ ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തി വിനീത് ശ്രീനിവാസൻ.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 'വെന്തു തനിന്തതു കാട്' തിങ്കളാഴ്‍ച തിയറ്ററുകളിലെത്തിയിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി അഭിനയിക്കുന്നു എന്നതായിരുന്നു കാത്തിരിപ്പിന് കാരണം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

'വെന്തു തനിന്തതു കാട്' കണ്ട് രണ്ട് ദിവസമായിട്ടും ഞാൻ ഇപ്പോഴും ആ സിനിമയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് നിരവധി ക്രൈം ഡ്രാമകള്‍ ഉണ്ടായതിനാല്‍ ഈ സിനിമ എങ്ങനെ പ്രേക്ഷകരെ സ്വാധീനിക്കും എന്ന് എനിക്ക് അറിയില്ല. പക്ഷേ പ്രകടനവും, മേയ്‍ക്കിംഗും എഴുത്തിലെ മികവും സിനിമ വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നു. 'കാക്ക കാക്ക'യ്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ഗൗതം വാസുദേവ് മേനോൻ സിനിമയാണ് ഇത്. സിലമ്പരശ്ശന്റേതായി എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സിനിമയും. അദ്ദേഹത്തിന്റെ പ്രകടനം പൂര്‍ണതയുള്ളതും ശ്രദ്ധാപൂര്‍വമുള്ളതുമാണ്. ചില സംവിധായകര്‍ ഒരു നിശ്ചിത പ്രായത്തിനും അനുഭവത്തിനും ശേഷവും അവരുടെ ക്രാഫ്റ്റ് അതിന്റെ മികച്ച രൂപത്തില്‍ വികസിപ്പിക്കുന്നു. അപ്പോഴാണ് അവര്‍ എന്നത്തെക്കാളും തിളങ്ങുന്നത്. നീരജ് മാധവ് നിങ്ങളുടെ റാപ്പ് സോംഗ് ഇഷ്‍ടപ്പെട്ടു. തകര്‍ത്തു സഹോദര എന്നുമാണ് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലും  ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്ത് തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോന്റെ വൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

click me!