
മലയാളികളുടെ പ്രിയ യുവതാരം ആണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രണവിലെ പ്രണയ നായകൻ യുവാക്കൾക്ക് ഹരമായി മാറി. 100 ദിവസം തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ്. വിനീത് ശ്രീനിവാസൻ പ്രണവ് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ രണ്ടുപേർക്കും അതിനുള്ള താല്പര്യം ഉണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.
ഒരു പുതിയ സിനിമ ചെയ്യാന്‍ പ്രണവിനെ കണ്‍വീന്‍സ് ചെയ്യാനാകുമോ എന്ന ചോദ്യത്തിന് 'എനിക്ക് അറിഞ്ഞൂടാ. നമുക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവന്‍ എന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ പോയി കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാല്‍ പടം ചെയ്യും", എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. ക്ലബ്ബ് എഫ്എമ്മിനോട് ആയിരുന്നു വിനീതിന്റെ പ്രതികരണം.
'കാന്താര' വീണ്ടും തിയറ്ററുകളിലേക്ക്
പ്രണവിന്‍റെ ലൈഫ് വേറെ ആണെന്നും അത് മറ്റുള്ളവർക്ക് ഫോളോ ചെയ്യാന്‍ പറ്റില്ലെന്നും വിനീത് പറയുന്നു. "നമ്മളെ കൊണ്ട് പറ്റുന്ന ജീവിത രീതിയല്ല പ്രണവ് പിന്തുടരുന്നത്. അടുത്ത സമയത്ത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന രീതിയില്‍ പ്രണവൊരു കാല്‍ നടയാത്ര നടത്തി. ആറര കിലോ വെയ്റ്റ് മാത്രം ഉള്‍ക്കൊള്ളാവുന്ന ഒരു ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് യാത്ര. അതുകൊണ്ട് തന്നെ കുറച്ച് ഡ്രസ്സ് മാത്രമെ കൊണ്ടു പോകാനാകൂ. ഡ്രസ്സൊക്കെ എങ്ങനെ കഴുകും എന്ന് ചോദിക്കുമ്പോള്‍ തലേന്ന് കഴുകി ബാഗിന് മുകലില്‍ ഇട്ട് ഉണക്കിയെടുക്കും എന്നാണ് പ്രണവ് മറുപടി പറഞ്ഞത്. ഇതൊന്നും നമുക്ക് പറ്റുന്ന കാര്യമല്ല", എന്നും വിനീത് പറയുന്നു.