'അജിത്ത് മേനോന്‍' കൊളുത്തി, 'അനുരാഗ്' ചങ്കിൽ കൊണ്ടു, ഇനി സംവിധായകനായി 'പൂവൻ'

By Web TeamFirst Published Jan 16, 2023, 1:14 PM IST
Highlights

ആന്റണി വര്‍ഗീസാണ് 'പൂവൻ' എന്ന ചിത്രത്തില്‍ നായകനാകുന്നത്.

പാന്‍ ഇന്ത്യൻ ആരാധകരുള്ള 'അര്‍ജ്ജുന്‍ റെഡ്ഡി'യെ മലയാളത്തില്‍ ആര് അവതരിപ്പിക്കുമെന്ന് കുറച്ചുനാൾ മുമ്പ് സോഷ്യൽമീഡിയയിൽ ഒരു ചര്‍ച്ച നടന്നിരുന്നു. മലയാള സിനിമയിലെ യുവതാരനിരയിൽ നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു വരികയുണ്ടായി. പക്ഷേ അതിലൊന്നും പെടാത്തൊരാൾക്ക് ആ നറുക്ക് വീണു. വിനീത് വാസുദേവന്‍ എന്ന യുവനടനായിരുന്നു 'അര്‍ജുന്‍ റെഡ്ഡി'യുടെ സ്പൂഫ് കഥാപാത്രമായി സിനിമാ പ്രേക്ഷകരെ ഊറിചിരിപ്പിച്ചത്. ഗിരീഷ് എ ഡി 'സൂപ്പര്‍ ശരണ്യ'യിലൂടെ അവതരിപ്പിച്ച 'അജിത്ത് മേനോൻ' സോഷ്യല്‍ മീഡിയ മീമുകളിലും ട്രോളുകളിലുമൊക്കെ പെട്ടെന്ന് ഹിറ്റാകുകയുണ്ടായി. യൂണിവേഴ്സിറ്റി ടോപ്പര്‍, കോളേജ് ടീം ടോപ്പര്‍, പാട്ടുകാരന്‍ തുടങ്ങി സകലകലാ വല്ലഭനായ അജിത് മേനോനെ പോലെ വിനീത് വാസുദേവനും യഥാർത്ഥ ജീവിതത്തിലും എല്ലാ മേഖലയിലും പേരെടുത്തിട്ടുണ്ട്.  പാട്ടുകാരന്‍, എഴുത്തുകാരന്‍, ചാക്യാര്‍കൂത്ത് കലാകാരന്‍, നടൻ, സംവിധായകൻ തുടങ്ങി വിവിധ മേഖലകളിൽ ഇതിനകം താരം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വിനീത് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ സിനിമയായ 'പൂവൻ' ജനുവരി 20ന് റിലീസിനൊരുങ്ങുകയാണ്.

'നീലം', 'വീഡിയോ മരണം', 'വേലി' തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മുമ്പ് സംവിധാനം ചെയ്‍തിട്ടുണ്ട് വിനീത്. ബിലഹരി സംവിധാനം ചെയ്‍ത  'അള്ളു രാമേന്ദ്ര'ന്‍റെ തിരക്കഥ ഗിരീഷിനൊപ്പം എഴുതിയിട്ടുമുണ്ട്. അങ്ങനെ സര്‍വകലാ വല്ലഭനായി തിളങ്ങുന്ന താരമാണ് വിനീത് വാസുദേവൻ. അടുത്തിടെ  'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്സ്' എന്ന ഹ്രസ്വ ചിത്രത്തിലെ വിനീതിന്‍റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഗിരീഷും വിനീത് വിശ്വവും സജിനുമൊക്കെയായി ഏറെ നാളായി സൗഹൃദമുണ്ട് വിനീതിന്. സിനിമ ഗ്രൂപ്പായ സിനിമ പാരഡിസോ ക്ലബ്ബിലെ സജീവ അംഗങ്ങളായതോടെയും സിനിമാ ചർച്ചകളിൽ ഭാഗമായതോടെയുമാണ് ഇവരുടെ സൗഹൃദം തുടങ്ങുന്നതും അതിലൂടെ സ്വന്തമായി സിനിമകൾ പിറക്കുന്നതും.

വിനീതിന്‍റെ അച്ഛനും മുത്തച്ഛനുമെല്ലാം ചാക്യാര്‍കൂത്ത് കലാകാരന്മാരാണ്. അങ്ങനെ മൂന്നാം ക്ലാസ് മുതല്‍ വിനീതും കൂത്ത് അവതരിപ്പിച്ചു തുടങ്ങി. സ്‍കൂള്‍ വേദികളിലും കൂത്ത് അവതരിപ്പിച്ചിരുന്നു. ഇപ്പോഴും കൂത്ത് അവതരിപ്പിക്കുന്നുമുണ്ട് വിനീത്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമാണ് സിനിമാലോകത്തേക്ക് വിനീത് കടന്നത്. 'തണ്ണീർമത്തൻ ദിനങ്ങളി'ലും ചെറിയ വേഷത്തിൽ വിനീത് അഭിനയിച്ചിരുന്നു. വിനീത് ആദ്യമായി സംവിധാനം ചെയ്യുന്ന ആന്‍റണി വര്‍ഗ്ഗീസ് നായകനായ 'പൂവൻ' ജനുവരി 20ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്.

രചന വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്‍ണന്‍, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് വിഷ്‍ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍  റിസ് തോമസ്, അര്‍ജുന്‍ കെ കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ് ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്‍ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്  ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ അമൽ ജോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആര്‍ഒ വാഴൂര്‍ ജോസ്, മാർക്കറ്റിംഗ്‌ സ്നേക്ക്‌ പ്ലാന്‍റ്.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

tags
click me!