
കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നാദിര്‍ഷയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയായി ആര് അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ പേരാണ് അദ്ദേഹം പറഞ്ഞത്. നിലവില്‍ നായകനെയും സംവിധായകനെയും തീരുമാനിച്ചിട്ടില്ലെങ്കിലും തിരക്കഥാകൃത്തിനെ തീരുമാനിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചകളുമൊക്കെയായി രചനാഘട്ടത്തിലാണ് ഈ ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂര്‍ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമായിരുന്നു ചാണ്ടി ഉമ്മന്‍ പങ്കുവച്ചത്. “ഞാനിപ്പോള്‍ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ്. എന്‍റെ ഫാദറിന്‍റെ പേരില്‍ ഒരു സിനിമ. ഫാദറിന്‍റെ ജീവചരിത്രം. ഉമ്മന്‍ ചാണ്ടി എന്ന് തന്നെ പേരിടണമെന്ന് ആഗ്രഹിക്കുന്ന സിനിമ. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍റെ മുന്നോട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍. പിന്നെ അദ്ദേഹത്തിന്‍റെ ഒരു ലെഗസി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട് കിടക്കട്ടെ എന്ന് ആഗ്രഹിച്ചും”, എന്ന് മാത്രമായിരുന്നു അഭിമുഖത്തില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കുന്നത് വിനോദ് ഗുരുവായൂര്‍ ആണ്. “അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കി നമ്മളെ കൺവിൻസ് ചെയ്തത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹവുമായിട്ടാണ് നമ്മൾ മുന്നോട്ട് നീങ്ങിയത്. അതിന്റെ വർക്കുകൾ മുന്നോട്ട് പോകുന്നു. പുതിയ തലമുറയിലെ ആളുകളിലേക്കും അപ്പയുടെ ജീവിതം കൃത്യമായിട്ട് എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് പറ്റും എന്ന് എനിക്ക് ഒരു ഉറപ്പുണ്ട്. അതുകൊണ്ട് വിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥാ രചനാ ചർച്ചയ്ക്ക് ശേഷം താര നിർണ്ണയവും മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്”, ചാണ്ടി ഉമ്മൻ പറഞ്ഞു.
“എനിക്ക് അറിയാവുന്ന അപ്പയുടെ കുറേ കാര്യങ്ങൾ, അതുപോലെ തന്നെ കൂടുതൽ ആളുകൾക്ക് അറിയാത്ത പലരുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങളും വിനോദ് ഗുരുവായൂർ കളക്റ്റ് ചെയ്ത് സ്റ്റഡി ചെയ്യുന്നുണ്ട്. പല സംഭവങ്ങളും നമ്മൾ അപ്പയുമായിട്ടുള്ള ബന്ധപ്പെട്ട ആളുകളുമായിട്ട് സംസാരിക്കുമ്പോള്‍ പുതിയ കുറെ കാര്യങ്ങളും കിട്ടുന്നുണ്ട്. അതെല്ലാം വച്ചുള്ള ഒരു ബയോപിക് ആയിരിക്കും ഈ സിനിമ. സ്ക്രിപ്റ്റ് വർക്കിന് ശേഷം എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖം ഉണ്ട്. അവരെ പിന്നീട് സമീപിക്കും. ഇത് എന്റെ ആഗ്രഹം മാത്രമല്ല. ഓരോ മലയാളികളുടെയും അഭിലാഷമാണ്”, ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്ന് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ പറഞ്ഞു. പിആർഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ