'പണം കിട്ടിയാൽ പോരെ? പോര..ആളായി പത്തുവേണം'; ഒടുവിൽ അമരം 4കെ ഷോ നടന്നില്ല- കുറിപ്പ് വൈറൽ

Published : Nov 08, 2025, 09:16 PM IST
amaram malayalam movie re release date announced mammootty bharathan Lohithadas

Synopsis

35 വർഷങ്ങൾക്ക് ശേഷം 4K-യിൽ റീ-റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'അമരം' കാണാൻ തിയേറ്ററിൽ ആളില്ലാത്തതിനാൽ ഷോ റദ്ദാക്കിയതായി എഴുത്തുകാരന്‍റെ പോസ്റ്റ്. ലോഹിതദാസിന്റെ നാട്ടിലാണ് ഇതുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലയാളത്തിലെ റീ റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് അമരം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം 35 വർഷങ്ങൾക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ വേണ്ടത്ര ആളില്ലാതിരുന്നതിനാൽ അമരം ഫോർ കെ ഷോ നടക്കാതെ തിരിച്ചു വന്നതിനെ കുറിച്ച് പറയുകയാണ് എഴുത്തുകാരനായ ഷാജി ടി.യു.

ചാലക്കുടിയിലെ ഡി സിനിമാസിലാണ് സിനിമയ്ക്ക് പോയതെന്നും എന്നാൽ പത്ത് പേരില്ലാത്തതിനാൽ ഷോ നടന്നില്ലെന്നും ഷാജി പറയുന്നു. ലോഹിതദാസിന്റെ സ്വന്തം നാട്ടിലെ തീയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നതെന്നും ഷാജി ഓർമിപ്പിക്കുന്നു. ഈ കുറിപ്പിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

'അമരം' റീമാസ്റ്റര്‍ പ്രിന്റില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ഇന്നലെ രാത്രി 10:15-നുള്ള ഷോയ്ക്ക് ചാലക്കുടി ഡി സിനിമാസില്‍ പോയി.

വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം അമ്മയുടെ ചോദ്യം: "ഏത് പാതിരാത്രിക്കാ ഇനി തിരിച്ച് വരിക?"

റീറിലീസ് പരസ്യപ്രചാരണം വളരെ ശോകമെന്ന് തോന്നിയതുകൊണ്ട് ആളുണ്ടാകുമെന്ന് ഉറപ്പില്ല.

"ചിലപ്പോ ഇപ്പൊത്തന്നെ തിരിച്ച് വന്നേക്കും?"

"അതെന്ത് സിനിമ?"

വിശദീകരിച്ച് നില്‍ക്കാനുള്ള സമയമില്ലാത്തോണ്ട് ഇറങ്ങി.

പ്രതീക്ഷിച്ചതുപോലെ തീയറ്ററില്‍ എത്തിയപ്പോള്‍ നാലഞ്ച് പേര്‍ കൌണ്ടറിനരികെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. നമ്മ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ സംശല്യ...

അങ്ങോട്ട്‌ ചെന്നപ്പോള്‍ അവരില്‍ രണ്ടുപേര്‍ പ്രതീക്ഷാപൂര്‍വ്വം എന്നെ നോക്കി. അപ്പൊ ബാക്കിയുള്ള മൂന്നുപേര്‍? അവര്‍ സിനിമ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞ കാരണം 'ഡിയസ് ഇറേ'ക്ക് കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നവരാണ്.

സൊ, ഞാനടക്കം മൂന്നുപേർ മാത്രം.!!

ഇടയ്ക്ക് കൂട്ടത്തിലൊരുത്തൻ കൗണ്ടർ പയ്യനോട്: "എത്രപേർ വേണമെന്നാ പറഞ്ഞേ?"

"പത്താള് വേണം ചേട്ടാ..."

അഞ്ച് മിനിറ്റ് ബാക്കിയുണ്ട്. പ്രതീക്ഷയുടെ തരിമ്പ് വെട്ടവുമായി ഡി സിനിമാസിന്റെ പടി കടന്ന് ഒരു വണ്ടിയും വരുന്നില്ല.

എന്നെപ്പോലെയല്ല മറ്റ് രണ്ടുപേർ, അവർ സിനിമ കണ്ടിട്ടേ വീട്ടിലേക്കുള്ളൂ എന്ന മട്ടിലുള്ള സംസാരം ആയപ്പോൾ പ്രതീക്ഷയുണ്ടായി.

"താൻ എന്തായാലും ഉണ്ടല്ലോ..."

"ഉണ്ട്." ഞാൻ മറുപടി പറഞ്ഞു.

അതിനിടയിൽ പത്ത് മിനിറ്റ് താമസിച്ചാലും 'ഡിയസ് ഇറേ' കാണാമെന്ന് അതിനായി വന്ന മൂന്നുപേർ തീരുമാനിച്ചു. അവരെ അട്ടിമറിക്കാമെന്ന പ്രതീക്ഷയും പോയി.

"എന്താ ചെയ്യാ..?"

ക്ഷമ നശിച്ച രണ്ടാമൻ നേരെ കൗണ്ടറിൽ ചെന്ന്...

"ചേട്ടാ... പത്ത് ടിക്കറ്റ് ഞാനെടുക്കാം. സിനിമ കളിക്കുമല്ലോ..."

അങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആലോചിച്ചപ്പോൾ, ഇറങ്ങിപ്പുറപ്പെട്ടതല്ലേ. രണ്ടോ-മൂന്നോ ടിക്കറ്റിന് പണം മുടക്കിയാലും കുഴപ്പമില്ലെന്ന് തോന്നി.

പക്ഷേ, കൗണ്ടറിൽ നിന്നുള്ള പ്രതികരണം അസാധാരണമായിരുന്നു.

"അത് പറ്റില്ല. ആളായി പത്തുവേണം."

"നിങ്ങൾക്ക് പണം കിട്ടിയാൽ പോരെ?"

"പോരാ... ആള് വേണം."

ആൾ ക്ഷമാപൂർവ്വം പറഞ്ഞു നോക്കി. പയ്യൻ വഴങ്ങിയില്ല.

മാനേജരെ നേരിയ പരിചയമുണ്ട്. ആ സമയത്ത് നോക്കിയപ്പോൾ ആളെ കണ്ടതുമില്ല.

സമരം വിജയിക്കില്ലെന്ന് കണ്ട ഞങ്ങൾ മൂന്നുപേരും പുറത്തേക്കിറങ്ങി.

ഓരോ സിനിമയ്ക്കും അതിന്റെതായ കാണികളുണ്ടെന്ന് ഉറച്ച വിശ്വാസം എന്നുമുണ്ട്. ആ കാണികളെങ്കിലും അറിയാവുന്ന പരസ്യമോ പ്രചാരണമോ ഇല്ലെങ്കിൽ തീയറ്ററിലേക്ക് ആളുകൾ വരില്ല. റീറിലീസായ ആദ്യദിവസം ചാലക്കുടിയിലെ ഒരേയൊരു സെന്ററിൽ കേവലം രണ്ടാമത്തെ ഷോയ്ക്ക് ഏറ്റവും ചുരുങ്ങിയ എണ്ണത്തിൽ പോലും ആളുണ്ടാകാതിരിക്കണമെങ്കിൽ... വെറുതെ ലോഹിതദാസ് മനസ്സിലേക്ക് വന്നു. ആ വലിയ എഴുത്തുകാരന്റെ സ്വന്തം നാട്ടിലെ തീയറ്ററിൽ നിന്നാണ് ഷോ നടക്കാതെ ഇറങ്ങിപ്പോരേണ്ടി വരുന്നത്.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ കിടന്നിട്ടില്ല.

"സിനിമ കഴിഞ്ഞോ?"

"ഇല്ല. ആളില്ലാത്ത കാരണം ഷോ നടന്നില്ല."

തുറുപ്പിച്ച് നോക്കിയിട്ട്...

"നീയെന്തിനാ മനുഷ്യന്മാരൊന്നും കാണാത്ത പടത്തിന് പോണേ?"

ഇതൊക്കെ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. ഉറങ്ങാൻ പോകുന്നതാകും ഭേദമെന്ന് തോന്നി.

ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിൽ കൂടി ഒരു ശ്രമം നടത്താമെന്ന് തീരുമാനിച്ചു. ഇതേ പ്രാന്തുള്ള ആരെങ്കിലും ഈ പോസ്റ്റ് കാണാനൊന്നും സാധ്യതയില്ല. എന്നാലും അഥവാ കാണുന്നുവെങ്കിൽ അങ്ങോട്ട് വരൂ.

PREV
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍