
2012ൽ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും പല കാരണങ്ങൾ കൊണ്ട് റിലീസ് വൈകി പോയ സിനിമയായിരുന്നു സുന്ദർ സിയുടെ സംവിധാനത്തിൽ വിശാൽ നായകനായ മദ ഗജ രാജ. എന്നാൽ 2025 ജനുവരി 12 ന് റിലീസായ സിനിമ ഒരു സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. പക്ഷേ മദ ഗജ രാജക്ക് ശേഷം വിശാലിന്റേതായി പുറത്തിറങ്ങിയ രത്നം എന്ന സിനിമ ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. വിശാലിന്റേതായി ഇപ്പോൾ അനൗൺസ് ചെയ്‍ത മുപ്പത്തിയഞ്ചാമത്തെ സിനിമയാണ് മകുടം.
സിനിമയുടെ ടൈറ്റിൽ അനാവരണം ചെയുന്ന വീഡിയോ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നതിൽ നിന്ന് സിനിമയുടെ പശ്ചാത്തലം ഒരു ഹാർബറുമായി ബദ്ധപ്പെട്ടതാണെന്ന് വ്യക്തമാണ്. രജനികാന്ത് ലോകേഷ് കനകരാജ് ടീമിന്റേതായി റിലീസായ കൂലിയിലും ഹാർബർ തന്നെയായിരിക്കുന്നു പ്രധാന പശ്ചാത്തലം. ഈട്ടി , ഐൻഗരൻ എന്നീ സിനിമകൾ സംവിധാനം ചെയ്ത രവി അരസുവാണ് മകുടം സംവിധാനം ചെയുന്നത്.
ഒരു കപ്പലിൽ കെ ജി എഫിലെ റോക്കി ഭായിയെ പോലെ സ്യൂട്ട് ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന വിശാലിനെയാണ് ടൈറ്റിൽ അനൗണ്‍സ്‍മെന്റ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 2023 ലെ സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. മകുടം എന്നാൽ തമിഴിൽ കിരീടം എന്നാണ് അർത്ഥം. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഷൂട്ടിങ് തുടങ്ങിയ സിനിമയിൽ വിശാലിന്റെ നായികയായി എത്തുന്നത് ദുഷാര വിജയനാണ്. വിശാലിന്റെ വിജയ സിനിമകളായ സമർ, നാൻ സിഗപ്പു മനിതൻ,കത്തി സണ്ടൈ, മദ ഗജ രാജ എന്നീ സിനിമകളുടെ ക്യാമറാമാൻ റിച്ചാർഡ് എം നാഥനാണ് മകുടത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.