ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

Published : Jul 01, 2025, 04:10 PM ISTUpdated : Jul 01, 2025, 06:29 PM IST
vismaya mohanlal acting debut

Synopsis

ഔദ്യോഗിക പ്രഖ്യാപനം വൈകാതെ

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്‍മയയുടെ തുടക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി കെ ജി കമലേഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. 

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.

 

 

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്ന രീതിയിലാണ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടത്തിയത്.

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അടുത്ത കാലത്ത് തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തിയത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രവുമായിരുന്നു അത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രമാണ് നിലവില്‍ തുടരും. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയ ചിത്രമായി മാറി തുടരും. മലയാള സിനിമയെ സംബന്ധിച്ച് ഇതും റെക്കോര്‍ഡ് ആണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ