വിവേക് ഒബ്‍റോയ് വീണ്ടും മലയാളത്തിലേക്ക്? പൃഥ്വിരാജിനൊപ്പം 'കടുവ'യില്‍ നിര്‍ണ്ണായക വേഷത്തിലെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 20, 2021, 12:54 PM IST
Highlights

'ലൂസിഫറി'ലെ 'ബോബി' കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വിവേക് ഒബ്റോയ് അഭിമുഖങ്ങളില്‍ പറയാറുണ്ട്

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റവും ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയവുമായിരുന്ന 'ലൂസിഫറി'ലൂടെയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ് മലയാളത്തിലേക്ക് എത്തുന്നത്. 'ബോബി' എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്‍തു. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി അദ്ദേഹം മലയാളത്തിലേക്ക് എത്തുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തവണയും പൃഥ്വിരാജിനൊപ്പം തന്നെ. പക്ഷേ അത് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയല്ല, മറിച്ച് നായകനാവുന്ന ചിത്രത്തിലൂടെയാണെന്ന് മാത്രം.

ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യില്‍ ഒരു നിര്‍ണ്ണായക വേഷത്തില്‍ വിവേക് എത്തുമെന്നാണ് വിവരം. മലയാളത്തില്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ചിത്രത്തിലെ വിവേക് ഒബ്റോയിയുടെ കാസ്റ്റിംഗിനെക്കുറിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

അതേസമയം 'ലൂസിഫറി'ലെ 'ബോബി' കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായി വിവേക് ഒബ്റോയ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. ഈയിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും അതേക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. "ലൂസിഫര്‍ എന്നൊരു മലയാളചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഇതിഹാസമായ മോഹന്‍ലാലിന് എതിര്‍ഭാഗത്തുനില്‍ക്കുന്ന 'ബോബി' എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുമായിരുന്നു. കാരണം സൂക്ഷ്‍മതയുള്ള കഥാപാത്രമായിരുന്നു അത്. സ്വന്തം ലോകത്ത് നായകനാണ് ബോബി. ചെയ്യുന്നതെല്ലാം അയാള്‍ക്ക് ശരിയാണ്. പുറമേക്ക് നോക്കുമ്പോള്‍ ലാഘവത്വമുള്ള, സുന്ദരനായ ഒരാള്‍. പക്ഷേ അകമേക്ക് കുഴമറിഞ്ഞ ഒരാളുമാണ്. അതായിരുന്നു എന്നെ ആകര്‍ഷിച്ച ഘടകം. പിന്നെ മോഹന്‍ലാലിന്‍റെ പ്രകടനത്തിനൊപ്പം നില്‍ക്കുക എന്ന വെല്ലുവിളിയുമുണ്ടല്ലോ. വളരെ വികാസം പ്രാപിച്ച ഒന്നാണ് മലയാള സിനിമ. നിലവാരത്തിന്‍റെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്‍റെ പ്രകടനങ്ങളിലൊന്ന് ലൂസിഫറിലെ ബോബിയാണ്", വിവേക് ഒബ്റോയ് പറഞ്ഞിരുന്നു. 

 

അതേസമയം മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുന്ന കടുവയില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

click me!