
ഹൃദയം തൊടുന്ന അനുഭവ കുറിപ്പുമായി കമൽ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നെടിയത്ത് നസീബ്. തന്റെ സിനിമാ മോഹത്തെക്കുറിച്ചും സംവിധായകൻ കമലിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനെപ്പറ്റിയും ആണ് പോസ്റ്റ്.
നസീബിന്റെ വാക്കുകൾ ഇങ്ങനെ
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ലക്ഷദ്വീപില്‍ നിന്ന് പ്ലസ് ടു തോറ്റ ഒരു പയ്യന്‍ ട്യൂഷന് ചേരുന്നതിനായി കൊച്ചിയിലേക്ക് വന്ന സമയം. അന്ന് കൊച്ചി നഗരത്തില്‍ നിറഞ്ഞ് നിന്ന് പോസ്റ്ററായിരുന്നു സ്വപ്‌നക്കൂടിന്റേത്. പൃഥ്വിയും ചാക്കോച്ചനും ജയസൂര്യയും മീരയും ഭാവനയും നിറഞ്ഞ് നിന്ന പോസ്റ്റര്‍. അന്നത്തെ യൂത്തിനിടയില്‍ ട്രെന്റ് സെറ്ററായ കറുപ്പിനഴക് പാട്ടിന്റെ സീനായിരുന്നു പോസ്റ്റര്‍!
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ സ്വപ്‌നം കണ്ട ആ പയ്യന് അതേ സ്വപ്‌നകൂട് സിനിമ സംവിധാനം ചെയ്ത സംവിധായകന്റെ പടം നിര്‍മ്മിക്കാന്‍ ഭാഗ്യം ലഭിച്ചു, അതാണ് 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രം. മലയാളത്തിലെ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത കമല്‍ സാറിനെ പോലെ സീനിയറായ ഒരു സംവിധായകന് ഒപ്പം വര്‍ക്ക് ചെയ്തത് മികച്ച ഒരനുഭവം ആയിരുന്നു.
നിങ്ങള്‍ക്ക് ഒക്കെ അറിയുന്നപോലെ തിയറ്ററുകള്‍ ഒന്നുമില്ലാത്ത ലക്ഷദ്വീപിലെ കല്‍പേനി ദ്വീപില്‍ നിന്നും വലിയൊരു സ്വപ്‌നവുമായിട്ടാണ് ഞാന്‍ വരുന്നത്. കച്ചവട ആവശ്യത്തിന് വാപ്പ കൊച്ചിയിലേക്ക് വരുമ്പോൾ വെക്കേഷന് എന്നെയും കൂടെ കൂട്ടും അപ്പോള്‍ മാത്രമായിരുന്നു എനിക്ക് പുതിയ സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചിരുന്നത്.
പഠിത്തമെല്ലാം കഴിഞ്ഞതിന് ശേഷം ബാപ്പയുടെ കൂടെ ബിസിനസിനൊപ്പം ചേര്‍ന്ന് പിന്നീട് പ്രവാസിയായി മാറി. 12 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ സിനിമ എന്ന മോഹം എന്നും ഉള്ളില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ പ്രവാസജീവിതത്തിലും ബിസിനസിലും പാര്‍ട്ണറായ ഷെല്ലിച്ചേട്ടന്‍ സിനിമ എന്ന സ്വപ്‌നത്തിന് പിന്തുണയുമായി കൂടെകൂടിയത്. അത് എനിക്ക് വലിയൊരു ഊര്‍ജമായിരുന്നു.
അങ്ങിനെയാണ് കമല്‍സാര്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ കഥ ഞങ്ങള്‍ കേള്‍ക്കുന്നത്. ചിത്രം നിര്‍മ്മിക്കാമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. ഇക്കാലത്ത് പറയേണ്ട ഒരു മികച്ച കഥയും ഒപ്പം അത് സംവിധാനം ചെയ്യുന്നത് കമല്‍ സാറിനെ പോലൊരു ലെജന്റുമാണെന്നതുമായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യം. സിനിമാ മേഖലയില്‍ പലപ്പോഴും പല കഥകളും കേള്‍ക്കാറുണ്ട്. സിനിമ നിര്‍മ്മാണത്തെ കുറിച്ച് കേട്ടറിഞ്ഞ അനുഭവമായിരുന്നില്ല ഞങ്ങള്‍ക്ക് ഉണ്ടായത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു കമല്‍ സാറും മറ്റുള്ളവരും ഈ സിനിമയോട് കാണിച്ച കമ്മിറ്റ്‌മെന്റ്.
രാത്രി രണ്ട് രണ്ടര വരെ ഷൂട്ടിങ് നീണ്ടുപോയാലും പിറ്റേന്ന് രാവിലെ ആറരയ്ക്ക് കമല്‍സാര്‍ ഫുള്‍ എനര്‍ജിയോടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടാവും. ഇടയ്ക്ക് ഒരു ദിവസം കനത്ത പനിയായിട്ടുകൂടി കമല്‍ സാര്‍ ഷൂട്ടിന് എത്തി. ഞങ്ങള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം മാറിനില്‍ക്കാന്‍ സമ്മതിച്ചില്ല. ഷൂട്ടിന് ഞാന്‍ കാരണം ഒരു തടസമുണ്ടാവരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിറ്റേന്ന് പനികൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഡ്രിപ്പ് ഇട്ടത് കാരണം കുറച്ച് സമയം ആശുപത്രിയില്‍ കുറച്ചു സമയം അദ്ദേഹം മയങ്ങിപ്പോയി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് ഷൂട്ടിനെ കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ഈ കമ്മിറ്റ്‌മെന്റ് കൊണ്ടാണ് വെറും നാല്‍പത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായത്.
ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി, ജോണി ചേട്ടന്‍, മഞ്ജു ചേച്ചി, സിദ്ധാര്‍ത്ഥ് ശിവ, സിനു ചേച്ചി, മെറീന, മാലാ പാര്‍വതി തുടങ്ങി മികച്ച അഭിനേതാക്കളാണ് ഈ സിനിമയിലുള്ളത്. ചിത്രീകരണത്തിന് മുമ്പ് പല കഥകളും ഷൈന്‍ ടോം ചാക്കോയെ കുറിച്ച് കേട്ടിരുന്നു. എന്നാല്‍ ഈ കഥകളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ഷൈന്റെ ഇടപെടല്‍. കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തും എത്ര പാതിരാത്രിയായാലും ഒരു പരാതിയും പറയാതെ ഷൂട്ടിങ് തീര്‍ത്ത ശേഷമായിരിക്കും ഷൈന്‍ പോവുക. അതിലെ ഓരോ ക്രൂമെമ്പേഴ്‌സും ഇതേപോലെ ഡെഡിക്കേറ്റഡ് ആയിരുന്നു. എടുത്തു പറയേണ്ടവരില്‍ ഒരാള്‍ ഈ സിനിമയുടെ കാമറാമാന്‍ പ്രകാശ് വേലായുധനാണ്. ഇത്രയും കൂളായ ഒരു മനുഷ്യനെ ഞാന്‍ അധികം കണ്ടിട്ടില്ല.
പിന്നെ ഈ ചിത്രീകരണം സമയബന്ധിതമായി തീര്‍ക്കുന്നതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ ഇക്കയും എ.ഡിമാരും. പിന്നെ ഞങ്ങളുടെ Mr കൂളും കാര്യാങള്‍ മികച്ച രീതിയില്‍ കോര്‍ഡിനേറ്റ് ചെയ്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗീരീഷ് ഏട്ടനും അദ്ദേഹത്തിന്റെ ടീമും, ആര്‍ട്ട് ഡയറക്ടര്‍ ലാലും ടീംസും,Spot എഡിറ്റിംഗ് team,മേക്കപ്പ് Legendry പാണ്ട്യന്‍ അണ്ണന്‍ & Hair Dresser Jency , Character അനുസരിച് നല്ല Costume തന്ന സമീറ സനീഷ് & team /സാബിത്, ലൊക്കേഷനില്‍ നല്ല ഫുഡ് തരുകയും സ്‌നേഹത്തോടെ വിളമ്പുകയും ചെയ്ത് എന്റെ സഹ പ്രവര്‍ത്തകര്‍ എല്ലാവരെയും ഞാന്‍ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ്. കൂടെ ഞങളുടെ Co-Producers കമല്‍ Pune & സുരേഷേട്ടന്‍ SAK ഇവരെയും ഒരുപാട് നന്ദിയോടെ ഓര്‍ക്കുന്നു...
എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ലക്ഷദ്വീപില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഈ സിനിമയില്‍ കാമറയ്ക്ക് മുന്നിലും പിന്നിലുമായി അവസരം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ്. സിനിമയുടെ വിജയവും പരാജയവുമൊന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. പക്ഷെ ഒരുകാര്യം എനിക്കുറപ്പാണ് നാളെ അഭിമാനത്തോടെ ഞങ്ങൾക്ക് പറയാന്‍ സാധിക്കുന്ന ഓരു സിനിമയായിരിക്കും വിവേകാനന്ദന്‍ വൈറലാണ്."
സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു അമാൽ, ഞങ്ങൾ ചാറ്റ് ചെയ്യുന്നതൊക്കെ വീട്ടുകാർക്ക് അറിയാം: ദുൽഖർ
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് 'വിവേകാനന്ദന്‍ വൈറലാണ്' നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോയെക്കൂടാതെ ചിത്രത്തിൽ ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആര്‍ട്ട് ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ മാനേജര്‍ - നികേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ