ഇത് ചരിത്രം; ഡബ്ലുസിസിയ്ക്ക് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ

By Web TeamFirst Published May 27, 2019, 4:07 PM IST
Highlights

നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സ്വപ്‌ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവർ ചേർന്നാണ് വോയ്‌സ് ഓഫ് വിമണിന് രൂപം നൽകിയത്.

ഹൈദരാബാദ്: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് (ഡബ്ലുസിസി) സമാനമായി തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ. ‘വോയ്‌സ് ഓഫ് വിമണ്‍’ (വിഒഡബ്ലു) എന്ന പേരിലാണ് സംഘടന രൂപം കൊണ്ടിരിക്കുന്നത്. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സ്വപ്‌ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവർ ചേർന്നാണ് വോയ്‌സ് ഓഫ് വിമണിന് രൂപം നൽകിയത്.
  
തെലുങ്ക് സിനിമയിലെ വ്യത്യസ്ത മേഖലകളിൽ പ്രവര്‍ത്തിക്കുന്ന എൻപതിലധികം വനിതകളാണ് വോയ്‌സ് ഓഫ് വിമണിൽ അം​ഗങ്ങളായുള്ളത്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുന്നു. 

തെലുങ്ക് സിനിമാ മേഖലയിലെ സത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് വോയ്‌സ് ഓഫ് വിമൺ. അഞ്ച് പേർ ചേർന്നാണ് സംഘടന ആരംഭിച്ചതെങ്കിലും ഇപ്പോൾ 80 സ്ത്രീകളുള്ള ഒരു കുടുംബമാണ് വോയ്‌സ് ഓഫ് വിമൺ.  ഇൻ‍‍ഡസ്ട്രിയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താനാണ് വോയ്‌സ് ഓഫ് വിമൺ എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് തങ്ങളാൽ കഴിയുന്നതുപോലെ പരിഹാരം കാണുമെന്നും നടി ലക്ഷ്മി മാഞ്ചു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

തൊഴിലടത്തെ ലിം​ഗസമത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് സംഘടനയുടെ പ്രധാനലക്ഷ്യം. സഹപ്രവർത്തകരായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മാസത്തിൽ രണ്ട് തവണ യോ​ഗം വിളിച്ച് ചേർക്കുമെന്നും മാഞ്ചു കൂട്ടിച്ചേർത്തു. 
  
മലയാളത്തിൽ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡബ്ലുസിസി എന്ന സംഘടന രൂപവത്കരിക്കപ്പെട്ടത്. 2017-ൽ സ്ഥാപിതമായ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ സ്ത്രീകളുടെ സംഘടന എന്ന ആശയത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച സംഘടന കൂടിയാണ് ഡബ്ല്യുസിസി. 
 

click me!