നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്' രണ്ടാം ഭാഗം വരുന്നു. ആനിമേഷൻ ലോകത്തും സംഗീത ലോകത്തും ഒരുപോലെ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തിന്റെ വാർത്തകൾ ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരെയും ആനിമേഷൻ പ്രേമികളെയും ആവേശത്തിലാഴ്ത്തി 'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സിന്റെ' രണ്ടാം ഭാഗം നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ജൂണിൽ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 'HUNTR/X' എന്ന പെൺകുട്ടികളുടെ പോപ്പ് ഗ്രൂപ്പിന്റെയും അവർ ലോകത്തെ പിശാചുക്കളിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ഈ ചിത്രം ഒരു ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു.

സംവിധായകർ വീണ്ടും ഒന്നിക്കുന്നു

ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ സംവിധായകരായ മാഗി കാംഗും ക്രിസ് ആപ്പിൽഹാൻസും നെറ്റ്ഫ്ലിക്സുമായി ഒരു മൾട്ടി-ഇയർ പാർട്ണർഷിപ്പ് കരാറിൽ ഒപ്പിട്ടു. ഈ കരാറിന് കീഴിലുള്ള ആദ്യ പ്രോജക്റ്റായിരിക്കും കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ് 2. 'ഇതൊരു തുടക്കം മാത്രമാണ്' എന്നാണ് മാഗി കാംഗ് രണ്ടാം ഭാഗത്തെക്കുറിച്ച് പ്രതികരിച്ചത്.

കൂടുതൽ കൊറിയൻ കഥകളെയും കഥാപാത്രങ്ങളെയും ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ ലോകത്തെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും മാഗി കൂട്ടിച്ചേർത്തു. ചിത്രത്തിലെ കഥാപാത്രങ്ങൾ തങ്ങൾക്ക് സ്വന്തം കുടുംബത്തെപ്പോലെയാണെന്നും സംഗീതത്തിന്റെയും ആനിമേഷന്റെയും അതിർവരമ്പുകൾ ഭേദിക്കുന്ന ഒന്നായിരിക്കും രണ്ടാം ഭാഗമെന്നും ക്രിസ് ആപ്പിൽഹാൻസ് പറഞ്ഞു.

ചരിത്രം കുറിച്ച HUNTR/X

സിനിമ മാത്രമല്ല, അതിലെ പാട്ടുകളും വലിയ ചരിത്രമാണ് സൃഷ്ടിച്ചത്. ചിത്രത്തിലെ 'HUNTR/X' എന്ന ഗ്രൂപ്പ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ കെ-പോപ്പ് പെൺകൂട്ടമായി മാറി. സിനിമയിലെ 'ഗോൾഡൻ' എന്ന ഗാനം ഗ്രാമി അവാർഡ് നേടുന്ന ആദ്യ കെ-പോപ്പ് ഗാനമെന്ന നേട്ടവും സ്വന്തമാക്കി. കൂടാതെ, മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം, മികച്ച ഒറിജിനൽ സോംഗ് എന്നീ വിഭാഗങ്ങളിൽ ഓസ്കാർ നാമനിർദ്ദേശങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

റൂമി, മീര, സോയി എന്നി മൂന്ന് പെൺകുട്ടികളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പകൽ സമയത്ത് സ്റ്റേജുകളിൽ പാടിത്തിമിർക്കുന്ന സൂപ്പർ സ്റ്റാറുകളായ ഇവർ രാത്രികാലങ്ങളിൽ ലോകത്തെ പിശാചുക്കളിൽ നിന്ന് രക്ഷിക്കുന്ന ഡെമോൺ ഹണ്ടേഴ്സായി മാറുന്നു. ആരാധകരെ അമാനുഷിക ശക്തികളിൽ നിന്ന് സംരക്ഷിക്കാൻ തങ്ങളുടെ രഹസ്യ ശക്തികൾ ഇവർ ഉപയോഗിക്കുന്നു. ആദ്യ ഭാഗത്തിൽ ഒരു ബോയ് ബാൻഡിന്റെ രൂപത്തിലെത്തിയ പിശാചുക്കളെയാണ് ഇവർ നേരിട്ടത്. നെറ്റ്ഫ്ലിക്സിൽ 500 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആനിമേഷൻ സിനിമ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നുറപ്പാണ്.