
പുതിയ സര്‍ക്കാര്‍ വന്നാല്‍ വാഹനപ്രേമികള്‍ക്ക് വാഹനങ്ങളില്‍ മോഡിഫിക്കേഷനുകള്‍ നടത്താന്‍ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ സമയത്തേ വി ഡി സതീശന്‍ പറഞ്ഞിരുന്നതാണ്. ഇന്നലെ ഇത് സംബന്ധിച്ച ഒരു സര്‍ക്കാര്‍ തീരുമാനവും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 18 തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി. എന്നാല്‍ പ്രഖ്യാപനത്തിലുള്ള പല കാര്യങ്ങളും നിലവില്‍ നിയമവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ തന്നെയാണെന്ന വിമര്‍ശനവും പിന്നാലെ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. വി ഡി സതീശന്‍ നടപ്പില്‍ വരുത്തുമെന്ന് പറഞ്ഞ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്തതാണെന്ന് തന്നോട് ആദ്യം പറഞ്ഞത് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയാണെന്ന് അഖില്‍ മാരാര്‍ ആരോപിക്കുന്നു.
“വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ ഒരിക്കലും നടക്കാത്തതാണെന്ന് എന്നുള്ള കാര്യം എന്നോട് ആദ്യം പറയുന്നത് രമേശ് ചെന്നിത്തലയാണ്. ഈ നിര്‍ദേശം ജെന്‍ സി കുട്ടികളെ ആകര്‍ഷിക്കും എന്ന ചിന്തയില്‍ ഞാനിത് രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു. അത് നമുക്ക് പറ്റുന്നതല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അത് കേന്ദ്രത്തിന്‍റെയും സുപ്രീം കോടതിയുടെയും നിയമങ്ങളില്‍ ഒക്കെ പെട്ട് കിടക്കുന്നതാണെന്നും പറഞ്ഞു. നമ്മള്‍ അങ്ങനെ പറഞ്ഞാല്‍ അത് ചെയ്ത് കൊടുക്കാന്‍ പറ്റാതെ വരുമെന്ന സൂചന എനിക്ക് ആദ്യം തരുന്നത് രമേശ് ചെന്നിത്തലയാണ്. പിന്നീട് ഞാന്‍ എനിക്ക് അടുപ്പമുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായിട്ടും ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മിഷണറുമായിട്ടുമൊക്കെ സംസാരിച്ചിരുന്നു. അവര്‍ എല്ലാവരും പറഞ്ഞത് നമുക്ക് കേരളത്തില്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. പക്ഷേ വി ഡി സതീശനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരിച്ചു, തങ്ങള്‍ അത് ചെയ്തുതരാം എന്ന രീതിയില്‍. ഞാന്‍ അന്ന് ഈ വിഷയത്തിന്‍റെ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് എഴുതിയപ്പോള്‍ എന്നെ കടന്നാക്രമിക്കുകയായിരുന്നു പലരും. കടുത്ത വാഹനപ്രേമിയാണ് ഞാന്‍. മുഖ്യമന്ത്രി വാഹന മോഡിഫിക്കേഷന്‍ ഇവിടെ കൊണ്ടുവന്നാല്‍ ഏറെ സന്തോഷിക്കുന്ന ആളായിരിക്കും ഞാന്‍. പക്ഷേ അത് നടക്കാത്ത കാര്യമായതുകൊണ്ടാണ് അതിനെ വിമര്‍ശിച്ച് പറയേണ്ടി വരുന്നത്.”
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ