
56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ഐഎഫ്എഫ്ഐ) ആജീവനാന്ത പുരസ്കാരം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്. അഭിനയ ജീവിതത്തിൽ അൻപത് വർഷം പൂർത്തിയാക്കിയ രജനികാന്ത് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇനി ഒരു നൂറ് ജന്മമുണ്ടെങ്കിലും തനിക്ക് രജനികാന്ത് ആയി തന്നെ ജനിച്ചാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്.
"സിനിമയിൽ അഭിനയിച്ച ഈ അൻപത് വർഷവും എനിക്ക് പത്തോ പതിനഞ്ചോ വർഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത നൂറ് ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു." പുരസ്കാരം സ്വീകരിച്ചുകൊണ്ട് രജനികാന്ത് പറഞ്ഞു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ആണ് രജനിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തറിങ്ങിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായി എത്തിയ ജയിലർ. ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.