'ഇതുവരെ പ്രതികരിക്കാത്തത് നൂറോളം പേരുടെ പരിശ്രമം മാനിച്ച്'; ലിജു കൃഷ്ണക്കെതിരെ ഡബ്ല്യുസിസി

By Web TeamFirst Published Nov 10, 2022, 7:00 PM IST
Highlights

തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണെന്നും തന്നോട് വൈരാഗ്യമുള്ള നടി ഡബ്ല്യുസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമാണ് ലിജു കൃഷ്ണ ആരോപിച്ചത്.

ടവെട്ട് സിനിമയുടെ വാർത്താ സമ്മേളനത്തിൽ സംവിധായകൻ ലിജു കൃഷ്ണ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതേയുള്ളൂ എന്ന കാരണത്താലും നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതിനാലുമാണ് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും ഉണ്ടാകാത്തതെന്ന് ഡബ്ല്യൂസിസി പ്രസ്താവനയിൽ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും  ലിജു വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായെന്നും സംഘടന പറയുന്നു.

ഡബ്ല്യുസിസിയുടെ പ്രസ്താവന ഇങ്ങനെ

വിമൺ ഇൻ സിനിമ കളക്റ്റീവ് നേരിട്ടോ, കളക്റ്റീവിലെ അംഗങ്ങളോ, കുറ്റാരോപിതനും പടവെട്ട് എന്ന സിനിമയുടെ സംവിധായകനുമായ ലിജു കൃഷ്ണ നടത്തിയ പത്രസമ്മേളനത്തിനോട് ഇതുവരെ ഒരു തരത്തിലുമുളള പ്രതികരണങ്ങളും നടത്തിയിരുന്നില്ല. കാരണം സിനിമ തീയേറ്ററുകളിൽ  പ്രദർശനം ആരംഭിച്ചതേയുള്ളു എന്നത് കൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ഞങ്ങൾ ബഹുമാനിക്കുന്നതു കൊണ്ടുമാണ്. സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി. പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ്‌ അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും,  ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും  അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, ഞങ്ങളുടെ ഒരു അംഗത്തിനെതിരെയും  വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായി. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ ഞങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം WCC എല്ലായ്പ്പോഴും നില കൊള്ളും.നിയമപ്രകാരം ഐസി(IC)  സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ  ശ്രമിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവർ  ഉണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ലിജു കൃഷ്ണയ്‌ക്കെതിരെ ബലാൽസംഘത്തിനും ആക്രമണത്തിനും  പോലീസ് ചുമത്തിയ കേസുകൾ എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനായി, അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഞങ്ങൾ വീണ്ടും ഇവിടെ പങ്കുവെക്കുന്നു.

'ബറോസ് നല്ലൊരു സിനിമയാകും എന്നതിന് യാതൊരു സംശയവും ഇല്ല': ടി കെ രാജീവ് കുമാർ

ഡബ്ല്യുസിസിക്കും ഗീതു മോഹന്‍ദാസിനും എതിരെയായിരുന്നു ലിജു കൃഷ്ണയുടെ ആരോപണം. തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണെന്നും തന്നോട് വൈരാഗ്യമുള്ള നടി ഡബ്ല്യുസിസിയുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നുമാണ് ലിജു കൃഷ്ണ ആരോപിച്ചത്. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും സിനിമയേയും ജീവിതത്തെയും തർക്കാൻ ശ്രമിക്കുകയാണെന്നും ലിജു പറഞ്ഞിരുന്നു.

click me!