'ഈ മെല്ലെപ്പോക്ക് പൊറുക്കാനാവത്തത്'; പി ടി കുഞ്ഞുമുഹമ്മദ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

Published : Dec 27, 2025, 10:25 PM IST
wcc criticises delay of justice in sexual assault case against pt kunju muhammed

Synopsis

"വേറൊരു വശത്ത് ഭരണപക്ഷത്തിന്‍റെ പ്രതിനിധികളും സിനിമയിലെ തലമുതിർന്ന പ്രവർത്തകരും കുഞ്ഞുമുഹമ്മദിന്‍റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് ചലച്ചിത്ര പ്രവർത്തകയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു"

സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും ഡബ്ല്യുസിസി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി അറിയിക്കുന്നു.

ഡബ്ല്യുസിസിയുടെ കുറിപ്പ്

മുപ്പതാമത് കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സിനിമ സെലക്ഷൻ സ്ക്രീനിംഗ് സമയത്ത് സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തി എന്നറിയിക്കുന്ന കോൺഫിഡൻഷ്യൽ കത്ത് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് അയക്കുന്നത് നവംബർ 25 ന് അറിയിച്ചിരുന്നു. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഐഎഫ്എഫ്കെയിൽ സിനിമകൾ തെരഞ്ഞെടുക്കാനായി പോയതിനിടയ്ക്ക് നടന്ന സംഭവമായിരുന്നു അത്. എന്നിട്ടും ചലച്ചിത്രപ്രവർത്തകയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് ഒരു മറുപടിയും നൽകിയില്ല, എങ്കിലും ചില നടപടികൾ എടുക്കുകയുണ്ടായി.

നവംബർ മുപ്പതാം തീയതി ചലച്ചിത്ര പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയ തിരുവനന്തപുരം കൻറ്റോൺമെന്റ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത് വീണ്ടും എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. അതും ഏറെ തവണ അതിജീവിത അതിനായി ആവശ്യപ്പെട്ടതിനു ശേഷം! മുപ്പതാം തീയതിയെടുത്ത മൊഴി എഫ്ഐആർ ആകാൻ എന്തുകൊണ്ട് ഇത്രയും വൈകി എന്നതിനു പൊലീസ് ഒരു കാരണവും അറിയിച്ചില്ല. ഈ എട്ട് ദിവസങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ തുടങ്ങിയവർ അതിജീവിതയോട് ഫോണിലും നേരിട്ടും സംസാരിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ നടപ്പിൽ വരുത്തിയത് കുഞ്ഞുമുഹമ്മദിന്റെ പേര് ഐഎഫ്എഫ്കെ ഹാൻഡ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും അയാളെ ചലച്ചിത്ര മേളയിൽ ക്ഷണിക്കാതിരിക്കുകയും ചെയ്യലാണ്. ഇത്തരം പ്രശ്നങ്ങൾ ഇനി മേലിൽ സംഭവിക്കാതിരിക്കാൻ അക്കാദമിക് ചെയ്യാൻ കഴിയുന്ന ദീർഘകാല പരിഹാരങ്ങൾ ഐഎഫ്എഫ്കെ വേദിയിൽ പ്രഖ്യാപിക്കുമെന്നും സീറോ ടോളറൻസ് പോളിസി നിർബന്ധമായും നടപ്പിൽ വരുത്തുമെന്നും പറഞ്ഞത് വീണ്ടും വാഗ്ദാനമായി അവശേഷിക്കുന്നു.

കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾ കേസിനെക്കുറിച്ചുള്ള വിവരം പുറത്ത് വിടുന്നതിന് തൊട്ടുമുൻപ് വരെ ചലച്ചിത്ര പ്രവർത്തകയോട് പതിനാല് ദിവസം വരെ എഫ്ഐആർ വൈകാമെന്ന് പറഞ്ഞ പൊലീസ്, മാധ്യമങ്ങൾ വാർത്ത കൊടുത്തതിന് തൊട്ട് പിന്നാലെ എഫ് ഐ ആർ രേഖപ്പെടുത്തി!! ഇതിനിടയ്ക്ക് കുഞ്ഞ്മുഹമ്മദിനൊപ്പം പല കാലഘട്ടങ്ങളിൽ ജോലിചെയ്യേണ്ടി വന്ന സ്ത്രീകളിൽ പലരും അവർക്കുനേരെ അയാൾ നടത്തിയിട്ടുള്ള നിരന്തരമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ എഴുതി തുടങ്ങിയിരിക്കുന്നു. ഭരണപക്ഷത്തുള്ള സ്ത്രീ നേതാക്കൾ, അതിജീവിതയോട് ഇതിൽ ഉറച്ചു നിൽക്കണം ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. വേറൊരു വശത്ത് ഭരണപക്ഷത്തിന്റെ പ്രതിനിധികളും സിനിമയിലെ തലമുതിർന്ന പ്രവർത്തകരും കുഞ്ഞുമുഹമ്മദിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് ചലച്ചിത്ര പ്രവർത്തകയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിജീവിത കൂടുതൽ സമ്മർദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.

ജാമ്യമില്ലാവകുപ്പിൽ ഡിസംബർ എട്ടാം തീയതി രജിസ്റ്റർ ചെയ്ത എഫ്ഐആറിന്മേൽ ഉടൻ തന്നെ അറസ്റ്റ് നടത്താതെ 9,11 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പും, 12 മുതൽ 19 വരെ നടന്ന ഐഎഫ്എഫ്കെയും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികൾ അടയിരുന്നു. അവസാനം ജാമ്യാപേക്ഷയുടെ സെഷൻസ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം ലഭിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അയാളെ ജാമ്യത്തിൽ വിട്ടു. പ്രസ്തുത പീഡകൻ പി ടി കുഞ്ഞു മുഹമ്മദ്‌ രക്ഷപ്പെട്ടു അല്ലെങ്കിൽ രക്ഷപ്പെടുത്തി എന്നാണ് അയാൾക്കൊപ്പം നിൽക്കുന്നവർ കരുതുന്നത്. അതിലൂടെ സിസ്റ്റം ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായിരിക്കുന്നു. നീതിന്യായ വ്യവസ്ഥയും ഗവൺമെന്റിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്‍ദമാക്കികൊണ്ടിരിക്കുന്നു! ‘അവൾക്കൊപ്പം’ എന്ന് നിരന്തരം ആവർത്തിച്ച് പറയുന്ന സർക്കാരും, മാധ്യമങ്ങളും, പൊതുജനവുമാണ് നമ്മുടേത്. പക്ഷേ സർക്കാർ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവത്തതാണ്. സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിനായി വ്യവസ്ഥയെ പരിവർത്തിപ്പിക്കുന്നതിന് എളിയ ശ്രമമാണ് ഞങ്ങൾ നടത്താൻ ശ്രമിക്കുന്നത്. അതിനിയും തുടരുകതന്നെ ചെയ്യും. ആൺ അധികാരത്തിന്റെ മറവിൽ നിശബ്ദമാക്കപ്പെട്ട ഒട്ടനവധി അതിജീവിതമാർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍ പോളി, ഇനി ബി ഉണ്ണികൃഷ്‍ണനൊപ്പം; ബിഗ് ബജറ്റ് ചിത്രത്തിന് പാക്കപ്പ്
ഇതൊരു ഫുട്ബോള്‍ മാച്ച് അല്ല! വിജയ്‍യുടെ അവസാന ഓഡിയോ ലോഞ്ച് കാണാന്‍ ഇരച്ചെത്തി ജനം: വീഡിയോ