
സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ഐഎഫ്എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി ഉന്നതാധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും ഐഎഫ്എഫ്കെ നടക്കുന്ന വേളയില്‍ത്തന്നെ ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്നും ഡബ്ല്യുസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ ഇത് സംബന്ധിച്ച് കുറിപ്പും സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡബ്ല്യുസിസിയുടെ കുറിപ്പ്
ലോക സിനിമാ ഭൂപടത്തില്‍ കേരളം തനത് മുദ്ര പതിപ്പിച്ച ഐഎഫ്എഫ്കെ മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവര്‍ക്കുമുണ്ട്. എന്നാല്‍ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തില്‍ ഫെസ്റ്റിവലിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മലയാള സിനിമാ വിഭാഗം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്‍റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്ന ഒരു കടുത്ത അപഭ്രംശമാണ്. ഡബ്ല്യുഡിഡി ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.
സെലക്ഷന്‍ കമ്മിറ്റി സിറ്റിംഗ് നടക്കുന്ന വേളയിലാണ് അതിക്രമം ഉണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച് അത് നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇത് ഐഎഫ്എഫ്കെയുടെ ഖ്യാതിക്ക് ദോഷകരമാണ്. ചലച്ചിത്ര അക്കാദമി ഐഎഫ്എഫ്കെ വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റി നിര്‍ത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അത്യാവശ്യമായ നിമിഷമാണ് ഇത്.
അതിക്രമം നടത്തിയ തലമുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുമുള്ള മുന്‍ എംഎല്‍എയുമായ അക്രമിക്ക് രക്ഷപെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തുനില്‍ക്കല്‍. അവള്‍ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ്കെ 2025 നടക്കുന്ന വേളയില്‍ത്തന്നെ ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന് ഡബ്ല്യുസിസി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ