സൈബര്‍ അതിക്രമങ്ങള്‍ക്കെതിരേ ക്യാംപെയ്‌നുമായി ഡബ്ല്യുസിസി

By Web TeamFirst Published Dec 11, 2019, 8:10 PM IST
Highlights

വനിതകള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ മാത്രമല്ല, ലിംഗവ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആധുനികകാലത്ത് സൈബര്‍ ഇടങ്ങളില്‍ മനുഷ്യര്‍ നേരിടുന്ന പ്രയാസങ്ങളെ ചര്‍ച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ഡബ്ല്യുസിസി.
 

വര്‍ധിച്ചുവരുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരേ ക്യാംപെയ്‌നുമായി സിനിമയിലെ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ച് നിന്ന് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ക്യാംപെയ്‌നിന്റെ ലക്ഷ്യം. ഇന്ന് ആരംഭിച്ച് ഈ മാസം 21 വരെ നീളുന്ന ക്യാംപെയ്‌നുമായി വിവിധ പ്രസ്ഥാനങ്ങള്‍ സഹകരിക്കുന്നുണ്ട്. 

ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അഖ്തര്‍ ആരംഭിച്ച ക്യാംപെയ്ന്‍ ആയ 'മര്‍ദ്' (ബലാല്‍സംഗത്തിനും വിവേചനത്തിനുമെതിരേ പുരുഷന്മാര്‍), ഷി ദി പീപ്പിള്‍, ഫെമിനിസം ഇന്‍ ഇന്ത്യ, വിമെന്‍സ് ബിസിനസ് ഇന്‍കുബേഷന്‍ പ്രോഗ്രാം, പോപ്പ്കള്‍ട്ട് മീഡിയ, ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐസിയു) എന്നിവ ഡബ്ല്യുസിസിയുടെ ക്യാംപെയ്‌നുമായി സഹകരിക്കുന്നുണ്ട്.

വനിതകള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ മാത്രമല്ല, ലിംഗവ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആധുനികകാലത്ത് സൈബര്‍ ഇടങ്ങളില്‍ മനുഷ്യര്‍ നേരിടുന്ന പ്രയാസങ്ങളെ ചര്‍ച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ഡബ്ല്യുസിസി. പത്ത് ദിനങ്ങളിലെ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിനൊപ്പം അവസാനദിനങ്ങളില്‍ പൊതുപരിപാടിയും ഉണ്ടാവും. സൈബര്‍ അതിക്രമങ്ങളെ അതിജീവിച്ചവരും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരും പൊതുപരിപാടിയില്‍ ഒത്തുചേരും. 'നിര്‍ഭയ' ദിനാചരണവും സംഘടിപ്പിക്കും. 

click me!