നിഖില വിമലിന്‍റെ സഹോദരി അഖില അവന്തിക ഭാരതി എന്ന പേരിൽ സന്യാസ ദീക്ഷ സ്വീകരിച്ചിരുന്നു

കേരളത്തിലെ കംഭമേള എന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്‍റെ ആദ്യ പതിപ്പ് ഇന്നലെയാണ് അവസാനിച്ചത്. തിരുനാവായയില്‍ നിളാതീരത്ത് 15 ദിവസം നീണ്ട ഉത്സവത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിലധികം ഭക്തര്‍ എന്നാണ് കണക്ക്. മഹോത്സവ വേദിയില്‍ നിന്നുള്ള സന്യാസി സംഘങ്ങളില്‍ ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ശ്രദ്ധ നേടുകയാണ്. ചലച്ചിത്ര താരം നിഖില വിമലിന്‍റെ സഹോദരി അഖിലയുടേതാണ് അത്. സന്യാസം സ്വീകരിച്ച് അവന്തിക ഭാരതി എന്ന് പേര് സ്വീകരിച്ചിട്ടുള്ള ഇവര്‍ തന്‍റെ ​ഗുരുവിനൊപ്പം മഹാമാഘ മഹോത്സവത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. അവന്തിക ഭാരതിയുടെ ​ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവ പങ്കുവച്ച, മഹോത്സവ വേദിയില്‍ നിന്നുള്ള ചിത്രത്തിലും അവന്തികയുണ്ട്. ഒപ്പം കുംഭമേളയില്‍ എത്തിയ ചിലരും അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സന്യാസം സ്വീകരിച്ചത് ഒരു വര്‍ഷം മുന്‍പ്

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി അവരുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം", എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്.

ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ അതേക്കുറിച്ച് തന്നോട് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നാണ് നിഖല വിമല്‍ പ്രതികരിച്ചത്. “എന്‍റെ ചേച്ചിക്ക് 36 വയസായി. ഒരു ദിവസം പോയി സന്യാസി ആയതല്ല. കൃത്യമായി ആ വഴിക്ക് വേണ്ടതെല്ലാം ചെയ്തിട്ടാണ് പോയത്. അത് തീര്‍ത്തും അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്. നന്നായി പഠിക്കുന്നയാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. സഹോദരിയുടെ കാര്യത്തിലും അത് വേണം”. സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും. ജീവിതത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുന്നയാളാണ് സഹോദരിയെന്നും നിഖില പറഞ്ഞിരുന്നു. “എന്‍റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു. നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ”, നിഖില പറഞ്ഞിരുന്നു. അതേസമയം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖിലയുടെ ഉപരിപഠനം യുഎസില്‍ ആയിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ആധ്യാത്മിക പാതയോടുള്ള ആഭിമുഖ്യം പലപ്പോഴും അഖിലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദൃശ്യമായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming