
കഴിഞ്ഞ വര്‍ഷം മലയാള സിനിമയെ പിടിച്ചുലച്ച വിയോഗങ്ങളില്‍ ഒന്നായിരുന്നു കലാഭവന്‍ നവാസിന്‍റേത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ ദിവസമാണ് നവാസിനെ മരിച്ച നിലയില്‍ താമസിക്കുന്ന മുറിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ പ്രകമ്പനം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ കലാഭവന്‍ നവാസ് അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ നവാസുമായി ബന്ധപ്പെട്ട് തനിക്കുള്ള ഒരു വ്യക്തിപരമായ സങ്കടത്തെക്കുറിച്ച് സംവിധായകന്‍ വിജേഷ് പാണത്തൂര്‍ പറഞ്ഞിരുന്നു. തിരക്കഥയില്‍ നവാസിന് ഏറ്റവും പ്രിയപ്പെട്ട ഒരു രംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അത്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
വിജേഷ് പാണത്തൂര്‍ പറഞ്ഞത്- “നവാസിക്ക മരിക്കുന്നതിന്‍റെ തലേദിവസം ഏഴ് മണിയോടെ ഞങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞു. പിറ്റേന്ന് ഷൂട്ട് ചെയ്യേണ്ട സ്ക്രിപ്റ്റ് വീണ്ടും നോക്കി എന്തെങ്കിലും തിരുത്തല്‍ വേണമെങ്കില്‍ നടത്താറുണ്ട്. മൂന്ന് ദിവസം വേണ്ടിയിരുന്നു ഒരു വീട്ടിലുള്ള നവാസിക്കയുടെ ഷൂട്ട്. പക്ഷേ വീണ്ടും തിരക്കഥ വായിച്ചപ്പോള്‍ എനിക്ക് അതില്‍ ഒരു ലാഗ് തോന്നി. പുലര്‍ച്ചെ ഇരുന്ന് ഞാന്‍ തിരക്കഥയില്‍ മാറ്റം വരുത്തി. മൂന്ന് ദിവസം ഷൂട്ട് ചെയ്യേണ്ട പോര്‍ഷന്‍ ഒറ്റ ദിവസത്തേക്ക് ആക്കി. ഒറ്റ ദിവസം കൊണ്ട് തീര്‍ത്തു. ആറ് മണി ആയപ്പോള്‍ ഷൂട്ട് കഴിഞ്ഞു. ആറ് മണിക്കാണ് നവാസിക്ക സെറ്റില്‍ നിന്ന് പോയത്. ആറരയോടുകൂടി ആണെന്ന് തോന്നുന്നു ഇത് (മരണം) സംഭവിച്ചിട്ടുള്ളത്. വന്‍ ഷോക്ക് ആയിരുന്നു”, വിജേഷ് പറയുന്നു.
“പുള്ളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ഈ പടത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റിയില്ല. ആ സീന്‍ പുള്ളി വീട്ടില്‍ പോയി ഭാര്യയോടും മക്കളോടും പറഞ്ഞ് ചിരിക്കുമായിരുന്നെന്ന് പറഞ്ഞിരുന്നു. നവാസിക്കയുടെ മക്കള്‍ ഒരു ദിവസം വിളിച്ചിട്ട് ചോദിച്ചു, ഉപ്പ അഭിനയിച്ച എന്തെങ്കിലും ഒന്ന് കാണിക്കാന്‍ പറ്റുമോ എന്ന്. അവര്‍ വന്നപ്പോള്‍ ഏത് സീന്‍ കാണണമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ആ സീനിനെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ നമുക്ക് അത് എടുക്കാന്‍ കഴിഞ്ഞില്ല. പകരം മറ്റൊരു സീന്‍ അവരെ കാണിച്ചു”, സംവിധായകന്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ