
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ഗായികയാണ് വൈക്കം വിജയലക്ഷ്‍മി. അന്ധതയെ മറികടന്ന് സംഗീതത്തിന്റെ വെന്നിക്കൊടി പാറിച്ച വിജയലക്ഷ്‍മി. മിമിക്രി കലാകാരനായ അനൂപുമായി വിവാഹിതയായെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. എന്താണ് വൈക്കം വിജയലക്ഷ്‍മിയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്‍റഫ്.
വിജയലക്ഷ്‍മി ബഹറൈനില്‍ ജോലി ചെയ്യുന്ന സന്തോഷുമായി വിവാഹമുറപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു. ആ വാര്‍ത്ത വിജയലക്ഷ്‍മി അന്ന് സ്ഥിരീകരിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ വിജയലക്ഷ്‍മി തന്നെ പറയുന്നു. ആ ബന്ധം താൻ വേണ്ടെന്നുവെച്ചുവെന്ന്. അതിന്റെ കാരണമായി അവര്‍ വെളിപ്പെടുത്തിയത്, തന്റെ അന്ധതയെ അയാള്‍ അപമാനിച്ചു എന്നാണ്. സ്റ്റേജ് ഷോകള്‍ ചെയ്യാൻ പാടില്ല എന്ന് അയാള്‍ നിബന്ധന വെച്ചുവെന്നാണ്. ഇതൊക്കെയായിരുന്നു ആ ബന്ധത്തില്‍ നിന്ന് പിന്തിരിയാനുള്ള കാരണം.
പിന്നീടാണ് വിജയലക്ഷ്‍മി മിമിക്രി ആര്‍ടിസ്റ്റും ഇന്റീരിയര്‍ ഡെക്കറേഷൻ കോണ്‍ട്രാക്റ്ററുമായ അനൂപുമായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയാണ് ഉണ്ടായത്. അന്ന് വിജയലക്ഷ്‍മി പറഞ്ഞത് അനൂപ് നല്ല മനസ്സിന്റെ ഉടമയാണെന്നും ഒരേ സ്വഭാവക്കാരാണ് ഇരുവരും എന്നൊക്കെയാണ്. അങ്ങനെ ഒരുപാട് സ്വപ്‍നങ്ങളും മോഹങ്ങളുമൊക്കെയായിട്ടാണ് അനൂപുമായുള്ള വിവാഹത്തിലേക്ക് വിജയലക്ഷ്‍മി കടന്നത്. 2018 ഒക്ടോബര്‍ 22ആം തിയ്യതി വൈക്കം മഹാദേവ ക്ഷേത്രത്തില്‍വെച്ച് ഇരുവരും വിവാഹിതരായി. ഈ വിവാഹ വാര്‍ത്ത വിജയലക്ഷ്‍മിയെ ഇഷ്‍ടപ്പെട്ടവരൊക്കെ വലിയ സന്തോഷത്തോടെയാണ് കണ്ടത്. വിവാഹശേഷം ഭര്‍ത്താവിനെ പുകഴ്‍ത്തുകയും അദ്ദേഹത്തിന് നന്മ പറയുന്ന വിജയലക്ഷ്‍മിയെ പല അഭിമുഖങ്ങളിലും കണ്ടു.
എന്നാല്‍ ആ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് നിനച്ചിരിക്കാതെയായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടേ, ആ ബന്ധത്തിന് എന്നെന്നും തിരശ്ശീല വീണു എന്ന വാര്‍ത്തയും നമ്മള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങളൊന്നും അന്നവര്‍ വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് തമിഴിലെ സിനി ഉലഗം എന്ന യൂട്യൂബ് ചാനലില്‍ നടി ഗൗതമിയുമായി വിജയലക്ഷ്‍മിയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. ഗൗതമിയോട് വിജയലക്ഷ്‍മി മനസ്സ് തുറക്കുകയുണ്ടായി. തന്റെ ജീവിതമെന്നത് സന്തോഷവും സംഗീതവും നിറഞ്ഞതായിരുന്നു. എന്നാല്‍ വിവാഹം തനിക്ക് ദു:ഖവും കണ്ണുനീരുമാണ് സമ്മാനിച്ചത്. ഭര്‍ത്താവായിരുന്നയാള്‍ കൈ തട്ടി താളം പിടിക്കാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല. അനുവദിച്ച സമയത്തേ പാടാവൂ. അയാള്‍ക്ക് സംഗീതം ഇഷ്‍ടമല്ല, എന്റെ എല്ലാമായിരുന്ന അച്ഛനെയും അമ്മയെയും എന്നില്‍ നിന്ന് അകറ്റി. ഇതെല്ലാം എനിക്ക് സഹിക്കുന്നതിനപ്പുറമായിരുന്നു. ഞാൻ എപ്പോഴും കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഞാൻ ഒരു തീരുമാനത്തിലെത്തി. സാഡിസ്റ്റായ അയാളൊപ്പം ഇനി ഒരു ജീവിതം വേണ്ട എന്ന്. അഡ്‍ജറ്റ് ചെയ്‍ത് ജീവിച്ച് തീര്‍ക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഞാൻ അതിന് തയ്യാറായിരുന്നില്ല. ഞാനിപ്പോള്‍ വീണ്ടും സംഗീതത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തിലാണ്. ഈ വാക്കുകള്‍ കേട്ട ഗൗതമി കയ്യടിച്ച് അഭിനന്ദിച്ചു. ജീവിതം എന്നത് നേര്‍ രേഖയില്‍ സഞ്ചരിച്ച ചരിത്രമില്ല. വിജയലക്ഷ്‍മിയുടെ സംഗീതവും സന്തോഷവും തേജസ്സോടെ നിലനില്‍ക്കട്ടേയെന്ന് ആശംസിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ