ടൈറ്റാനിക്കില്‍ 'ജാക്കിന്' മരിക്കേണ്ടിവന്നത് എന്തുകൊണ്ട്; ചോദ്യം നേരിട്ട് ഡികാപ്രിയോ!

By Web TeamFirst Published Jul 17, 2019, 12:45 PM IST
Highlights

വെള്ളത്തില്‍ പൊങ്ങിക്കിടന്ന വാതില്‍ ചെറുതായിരുന്നെങ്കില്‍ ജാക്കിന്റെ മരണം വിശ്വസനീയമായിരുന്നേനെ എന്ന് മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു.


ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന കപ്പലിന്റെ തകര്‍ച്ച മാത്രമല്ല ജാക്കിന്റെയും റോസിന്റെയും വിരഹവും പ്രേക്ഷകരെ സങ്കടത്തിലാക്കി. സിനിമയില്‍ 'ഹൈപ്പോതെര്‍മിയ' എന്ന അവസ്ഥയിലായി ജാക്ക് മരിക്കുകയും റോസ് രക്ഷപ്പെടുകയും ചെയ്യുന്നതായിട്ടായിരുന്നു കഥ. എന്നാല്‍ എന്തുകൊണ്ട് അന്ന് ജാക്ക് മരണത്തിന്റെ പിടിയിലായി എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അവസാനരംഗത്ത് ടൈറ്റാനിക് തകര്‍ന്നപ്പോള്‍ റോസ് രക്ഷപ്പെടാൻ കയറിയിരുന്ന വാതിലിന്റെ ഭാഗത്ത് ജാക്കിനും കയറാമായിരുന്നല്ലോയെന്നാണ് ചോദ്യം. ആ ചോദ്യം ജാക്കായി വേഷമിട്ട ലിയാനാര്‍ഡോ ഡികാപ്രിയോയും ഒടുവില്‍ നേരിട്ടിരിക്കുകയാണ്.

ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമയായ വണ്‍സ് അപ്ഓണ്‍ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയുടെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ളതായിരുന്നില്ലേ ഡോര്‍ എന്നാണ് ഡികാപ്രിയോയോട് ചോദിച്ചത്. വണ്‍സ് അപ്ഓണ്‍ എ ടൈം ഇൻ ഹോളിവുഡ് എന്ന സിനിമയില്‍ ഡികാ പ്രിയോയ്‍ക്ക് ഒപ്പം അഭിനയിക്കുന്ന ബ്രാഡ് പിറ്റും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് കയറിയിരിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ഡികാപ്രിയോയുടെ മറുപടി.  വെള്ളത്തില്‍ പൊങ്ങിക്കിടന്ന വാതില്‍ ചെറുതായിരുന്നെങ്കില്‍ ജാക്കിന്റെ മരണം വിശ്വസനീയമായിരുന്നേനെ എന്ന് മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത് അത് കലാകാരന്റെ സ്വാതന്ത്ര്യം എന്നായിരുന്നു. ജാക്ക് മരിക്കണമായിരുന്നു. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്‍ഥരഹിതമായിരുന്നേനെയെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു.

click me!