'കഞ്ചാവ് റെഡിയാക്കാം എന്ന ചാറ്റ് തമാശയ്ക്ക്'; എന്‍സിബിയോട് നടി അനന്യ പാണ്ഡെ

Published : Oct 23, 2021, 12:02 PM ISTUpdated : Oct 23, 2021, 12:50 PM IST
'കഞ്ചാവ് റെഡിയാക്കാം എന്ന ചാറ്റ് തമാശയ്ക്ക്'; എന്‍സിബിയോട് നടി അനന്യ പാണ്ഡെ

Synopsis

'കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ' എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് 'റെഡിയാക്കാം' എന്നാണ് അനന്യ നല്‍കിയ മറുപടി. 

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി (Drug Party Case) ബന്ധപ്പെട്ട് എന്‍സിബി (NCB) കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനുമായി (Aryan Khan) മുന്‍പ് താന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റിന്‍റേത് (Whatsapp Chat) തമാശുടെ ഭാഷയെന്ന് നടി അനന്യ പാണ്ഡെ (Ananya Panday). കഞ്ചാവിന്‍റെ (Ganja) ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് 'റെഡിയാക്കാം' എന്നാണ് അനന്യ നല്‍കിയ മറുപടി. ഇരുവരും തമ്മിൽ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാൻ എൻസിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാൽ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താൻ ആർക്കും ലഹരി മരുന്ന് നൽകിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അനന്യ ആവർത്തിച്ചു. ഇനി തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. ഇന്നലെ രാവിലെ 11 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് താരം എത്തിയത് ഉച്ചയ്ക്ക് 2.30ന് ശേഷമായിരുന്നു.ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിനിടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ അനന്യയെ ശാസിച്ചു. എൻസിബി ഓഫീസ് സിനിമാ പ്രൊഡക്ഷൻ ഹൗസല്ലെന്ന് അദ്ദേഹം താരത്തെ ഓർമിപ്പിച്ചു. 

ബുധനാഴ്ച ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയത്. ഈ നടിയാണ് അനന്യ പാണ്ഡെ. കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ വാട്‍സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്‍തിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പഴയ ഹാന്‍ഡ്‍സെറ്റും മറ്റൊന്ന് മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവന്‍ ഡാറ്റയും എന്‍സിബി പരിശോധിക്കും. 

അതേസമയം ചില രേഖകൾ സമർപ്പിക്കാൻ ഷാരൂഖ് ഖാന്‍റെ മാനേജർ ഇന്ന് എൻസിബി ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തിൽ നിന്ന് ചില രേഖകൾ സമ‍ർപ്പിക്കാൻ മാനേജർ പൂജ ദാദ്‍ലനി എൻസിബി ഓഫീസിൽ എത്തിയത്. രണ്ട് ദിവസം മുൻപ് മന്നത്തിൽ എത്തിയ എൻസിബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമാണ് രേഖകൾ ഹാജരാക്കിയത്. അതേസമയം ആര്യന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദിക്കാനായി സുപ്രീംകോടതിയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ എത്തുമെന്നാണ് സൂചന. 

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍