
പരിചയസമ്പത്തും വാണിജ്യവിജയവും അംഗീകാരത്തിളക്കവുമെല്ലാമുള്ള അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുള്ളത്. രണ്ട് പേർ ഓസ്‍കർ മുമ്പ് കയ്യിലേന്തിയവരാണ്. മറ്റുമൂന്ന് പേർ നോമിനേഷൻ കിട്ടിയിട്ടും അവസാന ലാപ്പിൽ പിന്തള്ളപ്പെട്ടവർ. ആരാകും ഇത്തവണ ഓസ്‍കറില്‍ മികച്ച നടനാകുക എന്നറിയാൻ 28 വരെ കാത്തിരിക്കണം (Oscar).
വാണിജ്യവിജയങ്ങളുടെ കാര്യത്തിൽ ഒട്ടും തലകുനിക്കേണ്ടാത്ത താരമാണ് വിൽ സ്‍മിത്ത്. 'ബാഡ് ബോയ്‍സ്', 'മെൻ ഇൻ ബ്ലാക്ക്', 'ഇൻഡിപെൻഡൻസ് ഡേ', 'എനിമി ഓഫ് ദ സ്റ്റേറ്റ്', 'ഹാങ്കോക്ക്', 'കണ്‍ഫ്യൂഷൻ' തുടങ്ങി നിരവധി ചിത്രങ്ങൾ ഉദാഹരണം. മുഹമ്മദലിയായി 'അലി'യിലും ക്രിസ് ഗാർഡ്‍നറായി 'ദ പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സി'ലും തിളങ്ങി രണ്ട് തവണ ഓസ്‍കർ ചുരുക്കപപ്പട്ടികയിലെത്തിയിങ്കിലും സ്വപ്‍നം കയ്യിലേന്താൻ കഴിഞ്ഞില്ല.
ഗ്ലോബ്, ബാഫ്‍റ്റ തുടങ്ങിയ പുരസ്‍കാരങ്ങൾ നേടിക്കൊടുത്ത 'കിങ് റിച്ചാർഡ്' മൂന്നാംഅവസരത്തിൽ ഭാഗ്യമെത്തിക്കുമെന്നാണ് വിൽ സ്‍മിത്തും ആരാധകലക്ഷങ്ങളും വിശ്വസിക്കുന്നത്. ഇക്കുറിയും നോമിനേഷൻ യഥാർത്ഥവ്യക്തിത്വത്തിന്റെ പകർന്നാട്ടത്തിന് തന്നെ. ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനം. പുരസ്‍കാരം കിട്ടിയാൽ മികച്ച നനുള്ള ഓസ്‍കർ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകും അദ്ദേഹം. സിഡ്‍നി പോട്ടിയർ, ഡെൻസൽ വാഷിങ്ടൺ, ജാമി ഫോക്സ്, ഫോറസ്റ്റ് വിറ്റേക്കർ എന്നിവരാണ് ഇതിനുമുമ്പ് മികച്ച നടനുള്ള ഓസ്‍കർ നേടിയത്.
സഹനടനുള്ള ഓസ്‍കർ കൂടി നേടി ആ പട്ടികയിൽ തിളക്കം കൂടുതലുള്ള, ഡെൻസൽ വാഷിങ്‍ടൺ ഇക്കുറിയും നോമിനേഷൻ പട്ടികയിലുണ്ട്. വെറുതെ വന്നതുമല്ല. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ കറുത്ത വംശജനായ താരമെന്ന സ്വന്തം നേട്ടം പുതുക്കിയാണ് വാഷിങ്‍ടൺ എത്തിയിരിക്കുന്നത്. ഇക്കുറി പരിഗണിക്കപ്പെടുന്നത് 'ദ ട്രാജഡി ഓഫ് മാക്ബെത്തി'ലെ പ്രകടനത്തിനാണ്.
Read More : ഓസ്‍കർ പ്രഖ്യാപനത്തിന് ഒരാഴ്‍ച മാത്രം, ചരിത്രമാകാൻ പോകുന്ന പുതുമകൾ, ചടങ്ങ് മാർച്ച് 28ന്
'ദ പവര്‍ ഓഫ് ദ ഡോഗി'ലൂടെയൊണ് ബെനഡിക്ട് കംബർബാച്ച് അവസാനലാപ്പിലെത്തിയത്. ആദ്യനോമിനേഷൻ 38ആം വയസ്സിൽ 'ദ ഇമിറ്റേഷൻ ഗെയ്‍മി'ല്‍ ഗണിതശാസ്‍ത്രജ്ഞനായ 'അലൻ ടൂറിങ്ങാ'യി അഭിനയിച്ചതിനായിരുന്നു. ജൂലിയൻ അസാഞ്ചെ ആയും സ്റ്റീഫൻ ഹോക്കിങ്ങായും ഷെർലക്ക് ഹോംസായും മിന്നിച്ച് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ കംബർബാച്ച് 'ഡോക്ടർ സ്‍ട്രേഞ്ച്' ആയി മാർവൽ ആരാധകരുടെയെല്ലാം ഹീറോയായി.
ചുരുക്കപ്പട്ടികയിലെ സൂപ്പർ ഹീറോ ഒറ്റക്കല്ല. 'സ്‍പൈഡർമാനും' കൂട്ടിനുണ്ട്. നോമിനേഷൻ പട്ടികയിലെ ബേബിയും ആൻഡ്രൂ ഗാർഫീൽഡ് ആണ്. 'സൈലൻസ്' എന്ന സിനിമയിലെ പ്രകടനമാണ് ഗാർഫീൽഡിന് ആദ്യനോമിനേഷൻ നേടിക്കൊടുത്തത്. ഇക്കുറി 'ടിക്ക്, ടിക്ക്..ബൂം!' എന്ന സിനിമയും. അമേരിക്കൻ സംഗീതജ്ഞനും രചയിതാവുമെല്ലാമായ ജൊനാതൻ ലാർസൺ ആയുള്ള പകർന്നാട്ടത്തിന് മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് നേടിയാണ് ഗാർഫീൽഡ് ഡോൾബി തീയേറ്ററിലെത്തുന്നത്.
ഹാവിയർ ബാർദം 'ബീയിംഗ് ദ റികാര്‍ഡോസി'ലൂടെയാണ് വീണ്ടും ഓസ്‍കർ വേദിയിലെത്തുന്നത്. ഇതിന് മുമ്പ് 2001ൽ 'ബിഫോര്‍ നൈറ്റ് ഫാള്‍സ്' എന്ന ചിത്രത്തിലൂടെയും മികച്ച നടനുള്ള ഓസ്‍കർ നോമിനേഷൻ നേടിയിരുന്നു. ഓസ്‍കർ ചുരുക്കപ്പെട്ടികയിൽ എത്തുന്ന ആദ്യ സ്‍പാനിഷ് നടനായി അന്ന് ബാർദം. 'നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ മെനി'ലൂടെ സഹനടനുള്ള പുരസ്‍കാരം നേടിയും നാടിന്റെ സാംസ്‍കാരിക ചരിത്രത്തിന്റെ ഭാഗമായി.
വിൽ സ്‍മിത്ത്, ഡെൻസൽ വാഷിങ്‍ടൺ, ബാർദം ആരു നേടിയാലും അത് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിജയമാണ്. കംബർബാച്ചോ ഗാർഫീൽഡോ നേടിയാൽ ഓസ്‍കർ ജേതാക്കളുടെ പട്ടികയുടെ നീളം കൂടും. ഓസ്‍കര്‍ വേദിയില്‍ ആരാകും മികച്ച നടനായി മിന്നുക എന്നറിയാൻ ഇനി ദിവസങ്ങള്‍ മാത്രം. കാത്തിരിക്കാം.