
സഹതാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ആദ്യ നോമിനേഷനുകളാണ് ഇക്കുറി കൂടുതൽ. ജെ കെ സിമ്മൺസിന്റെയും ജൂഡിഡെഞ്ചിന്റേയും അനുഭവസമ്പത്തു കൂടി ചേരുമ്പോൾ മത്സരത്തിന് പുതുമയുടേയും പഴമയുടേയും മത്സരസൗന്ദര്യമേറുന്നു. ആറ് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായിട്ടാണ് ജൂഡി ഡെഞ്ച് എട്ടാം തവണ ഓസ്‍കർ ചുരുക്കപ്പട്ടികയിലെത്തുന്നത്. നാടകരംഗത്തും സ്ക്രീനിലും തിളങ്ങിയതാണ് അവരുടെ കലാപാമ്പര്യം (Oscars 2022).
'ഷേക്സ്പിയർ ഇൻ ലവിൽ' എലിസബത്ത് റാണിയായി അഭിനയിച്ചാണ് ആദ്യ ഓസ്‍കർ. 87ആം വയസ്സിൽ ബെൽഫാസ്റ്റിലൂടെ രണ്ടാമതും ഓസ്‍കർ കയ്യിലേന്തിയാൽ അത് ചരിത്രപുസ്‍തകത്തിലേക്കുള്ള സ്‍നാപ് ഷോട്ടാകും, ഓസ്‍കർ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ അഭിനേതാവ് എന്ന ക്യാപ്ഷനിൽ. വിപ് ലാഷിന് ശേഷം രണ്ടാമതൊരു ഓസ്‍കർ ആണ് ജെ കെ സിമ്മൺസ് സ്വപ്‍നം കാണുന്നത്. 'ബീയിങ് ദ റിക്കാർഡോസി'ൽ വില്യം ഫ്രൗലിയായുള്ള പ്രകടനത്തിനാണ് ഇക്കുറി നോമിനേഷൻ. 'ദ പവർ ഓഫ് ദ ഡോഗി'ലെ ഒരു കുടുംബം മുഴുവൻ നോമിനേഷൻ നേടിയെത്തിയിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും പങ്കാളികളായ കഴ്സ്റ്റൺ ഡൺസ്റ്റും ജെസ്സി പ്ലെമ്മൺസും സിനിമയിലും ഭാര്യാഭർത്താക്കൻമാരാണ്. ജെസ്സിയുടെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന കോഡി സ്‍മിത്ത് മക്ഫിയാണ് പട്ടികയിലെ ബേബി.മൂന്ന് പേരുടെയും ആദ്യനോമിനേഷനാണിത്.
കിയരൻ ഹൈൻഡ്‍സ് ജെസ്സി ബക്ക‍്ലിയും ചുരുക്കപ്പട്ടികയിലെ ഐറിഷ് മേൽവിലാസമാണ്.
നിരവധി സിനിമകളിലും നാടകങ്ങളിലും പ്രതിഭ തെളിയിച്ച ഹൈൻഡ്സിന് നോമിനേഷൻ നേടിക്കൊടുത്തത് 'ബെൽഫാസ്റ്റ്'. ബക്ക‍്ലിക്ക് 'ദ ലോസ്റ്റ് ഡോട്ടറും'. ഒളീവിയ കോൾമാന്റെ നായികാകാഥാപത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിന്. ഒരു സിനിമയിലെ ഒരു കഥാപാത്രത്തിന്റെരണ്ട് ഘട്ടങ്ങൾ അവതരിപ്പിച്ച രണ്ട് പേർക്ക് നോമിനേഷൻ കിട്ടുന്നത് ഓസ്‍കർ വേദിയിലെ പുതുമയാണ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ ആഞ്ചുനു എല്ലിസിന് നോമിനേഷൻ നേടിക്കൊടുത്തത് 'കിങ് റിച്ചാർഡി'ലെ പ്രകടനം. ഇനിയുള്ള രണ്ട് പേർക്കാണ് വാതുവെപ്പുകാർ ഏറ്റവും സാധ്യത കൽപ്പിച്ചിട്ടുള്ളത്. ട്രോയ് കോട്‍സറിനും അരിയന്ന ഡെബോസിനും. കോഡയിലെ പ്രകടനത്തിലുടെ നോമിനേഷൻ നേടന്ന ആദ്യ ബധിരനടനായ കോട്‍ലറിന് പ്രതീക്ഷയേറ്റുന്നത് ബാഫ്ത, ക്രിട്ടിക്സ് ചോയ്‍സ് പുരസ്‍കാരനേട്ടങ്ങളാണ്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യിൽ നിന്ന് ആടിപ്പാടി ഓസ്‍കർ വേദിയിലെത്തിയ അരിയന്നയുടെ സ്വപ്‍നങ്ങൾക്ക് കൂടുതൽ നിറം പകരുന്നത് ബാഫ്റ്റ, ഗ്ലോബ് പുരസ്‍കാരനേട്ടങ്ങളാണ്.
Read More : അഞ്ചില്‍ ഒരാള്‍ ആരാകും?, മികച്ച നടിയാകാനുള്ള മത്സരം കടുക്കും
എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന അരിയന്നക്ക് അവകാശപോരാട്ടത്തിന് ഊർജം പകരുമോ ഓസ്‍കർ? ഒരു കുറവും ഒന്നിനും തടസ്സമല്ലെന്ന പ്രഖ്യാപനമായി കോട്‍സർക്ക് ഓസ്‍കർ കിട്ടുമോ? ജൂഡിഡെഞ്ച് ചരിത്രം കുറിക്കുമോ ഐറിഷ് സിനിമക്ക് വീര്യം കൂടുമോ ഒരു കുടുംബമായി അഭിനയിച്ച താരങ്ങൾ ഒന്നിച്ചാഘോഷിക്കുമോ...? ആകാക്ഷയുടെ ചോദ്യങ്ങൾക്ക് ഉത്തരം തിങ്കളാഴ്ച.