രണ്ടാം ഓസ്‍കർ നേടുക ആരാകും? കിഡ്‍മാനോ, കോൾമാനോ, പെനിലോപിയോ? ആദ്യ അവസരത്തിൽ തന്നെ ക്രിസ്റ്റ്യൻ സ്റ്റുവർട്ടിന് ലോട്ടറിയടിക്കുമോ? അതോ ജെസ്സീക്കക്ക് മൂന്നാമങ്കത്തിൽ ജയമുണ്ടോകുമോ?. പി ആര്‍ വന്ദന എഴുതുന്നു (Oscars 2022).
മികച്ച നടിയെ തെരഞ്ഞെടുക്കാൻ ഇക്കുറി ഓസ്‍കർ അക്കാദമി വിയർക്കും. പ്രഗത്ഭരായ അഭിനേതാക്കളാണ് ചുരുക്കപ്പട്ടികയിലുള്ള അഞ്ച് പേരും. മൂന്ന് പേർ ഇതിന് മുമ്പ് അംഗീകാരം നേടിയവർ. നിക്കോൾ കിഡ്‍മാനും ഒളീവീയ കോൾമാനും സ്വപ്‍നം കാണുന്നത് മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‍കറാണ് (Oscars 2022).
മുമ്പ് 'ദ അവേഴ്‍സ്' എന്ന ചിത്രത്തിൽ വിർജീനിയ വൂൾഫ് ആയി തകർത്തഭിനയിച്ച് മികച്ച നടിയായ കിഡ്‍മാൻ ഇക്കുറി ചുരുക്കപ്പട്ടികയിലെത്തുന്നത് പ്രമുഖ ടിവി റേഡിയോ താരം ലൂസില്ലെ ബാൾ ആയി പകർന്നാടിയിട്ടാണ്. ചിത്രം 'ബീയിംഗ് ദ റിക്കോര്‍ഡോസ്'. കിഡ്‍മാന്റെ അഞ്ചാം നോമിനേഷൻ ആണിത്. 'ദ ഫാദർ' കഴിഞ്ഞ തവണ മികച്ച സഹനടിക്കുള്ള നോമിനേഷൻ നേടിത്തന്നെങ്കിൽ 'ദ ലോസ്റ്റ് ഡോട്ടര്‍' ആണ് ഇക്കുറി ഒളീവിയ കോൾമാനെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.
' ദ ക്വീനിലൂടെ ഒടിടി പ്രേക്ഷകരുടെ പ്രിയറാണിയായ കോൾമാന് ആദ്യ ഓസ്‍കർ നേടിക്കൊടുത്തതും ഒരു റാണിയുടെ വേഷമാണ്. 'ദ ഫേറവറിറ്റി'ലെ ആൻ റാണിയുടെ കഥാപാത്രം. മുമ്പ് രണ്ട് തവണ കൈവിട്ട ഓസ്‍കർ 'ദ അയിസ് ഓഫ് ടമ്മി ഫയേ' നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ജെസ്സിക്ക ചാസ്റ്റെയ്ൻ. വ്യത്യസ്‍തങ്ങളായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധാലുവായ ഈ നടിയുടെ നേട്ടങ്ങളുടെ പട്ടികിയൽ ഓസ്‍കർ തിളക്കം എത്തുമോ എന്ന് അറിയാൻ കാത്തിരിക്കാം.
അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി അത്ര തകർപ്പൻ പ്രകടനമാണ് ജെസ്സീക്ക ചാസ്റ്റെയ്ൻ കാഴ്‍ചവെച്ചിരിക്കുന്നത്. അൽമോദവാറിന്റെ 'പാരലല്‍ മദേഴ്‍സി'ലൂടെയാണ് പെനിലോപി ക്രൂസ് ഓസക്ർ ചുരുക്കപ്പട്ടികയിലെത്തിയത്. വൂഡി അലന്റെ 'വിക്കി ക്സിസ്റിന ബാഴ്‍സലോണ'യിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്‍കർ നേടിയ പെനിലോപി ക്രൂസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്‍പാനിഷ് നടിയാണ്. സ്വന്തം നാടിന്റെ സിനിമാചരിത്രപുസ്‍തകത്തിൽ ഒരിക്കൽ കൂടി സുവർണലിപികളാൽ സ്വന്തം പേരു എഴുതിച്ചേർക്കാനുള്ള അവസരമാണ് പെനിലോപിക്കിത്.
അഞ്ചാമത്തെ ആൾ ഇക്കൊല്ലത്തെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 32 കാരിയായ ക്രിസ്റ്റ്യൻ സ്റ്റുവർട്ട് ആദ്യനോമിനേഷൻ നേടിയത് 'സ്‍പെൻസറി'ലെ ഡയാന രാജകുമാരിയായുള്ള പകർന്നാട്ടത്തിനാണ്. ബാലതാരമായെത്തി വൻവാണിജ്യവിജയം നേടിയ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ ഏറ്റവും ഏറ്റവും പ്രതിഫലം പറ്റുന്ന നടിമാരിലാരാളായി വളർന്ന താരമാണ് ക്രിസ്റ്റ്യൻ സ്റ്റുവർട്ട്. പങ്കാളി ഡൈലൻ മേയർക്കൊപ്പം വിവാഹം വൈകാതെയെന്ന് പ്രഖ്യാപിച്ച ആളാണ് വൻ ആരാധകനിരയുള്ള താരം. ഓസ്‍കർ നേടിയാൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രഖ്യാപിത എല്‍ജിബിടി താരമാകും ക്രിസ്റ്റ്യൻ സ്റ്റുവർട്ട്.
Read More : 'അഞ്ചില്‍ ഒരാള്‍' ആരാകും?, ഓസ്‍കറില്‍ മികച്ച നടനാകാൻ കടുത്ത പോരാട്ടം
രണ്ടാം ഓസ്‍കർ നേടുക ആരാകും? കിഡ്‍മാനോ, കോൾമാനോ, പെനിലോപിയോ? ആദ്യ അവസരത്തിൽ തന്നെ ക്രിസ്റ്റ്യൻ സ്റ്റുവർട്ടിന് ലോട്ടറിയടിക്കുമോ അതോ ജെസ്സീക്കക്ക് മൂന്നാമങ്കത്തിൽ ജയമുണ്ടോകുമോ? ചോദ്യങ്ങൾക്കുത്തരം തിങ്കളാഴ്‍ച.
