
വലിയ ആരാധകവൃന്ദമുള്ള താരങ്ങളുടെ ഡേറ്റ് കിട്ടുന്നതില്‍ സംവിധായകരെ സംബന്ധിച്ച് ഗുണവും ദോഷവും ഉണ്ട്. ചിത്രം കാണാന്‍ ആദ്യ ദിനം ഉറപ്പായും എത്തുന്ന വലിയ പ്രേക്ഷകക്കൂട്ടമാണ് പോസിറ്റീവ്. ചിത്രം പോസിറ്റീവ് അഭിപ്രായം നേടിയാല്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടതായും വരില്ല. ഇനി നെഗറ്റീവ് ആയ ഒരു കാര്യമുണ്ട്. ആരാധകരുടെ സങ്കല്‍പങ്ങള്‍ക്ക് പുറത്ത് താരത്തെ അവതരിപ്പിക്കുന്നതിലെ റിസ്ക് ആണ് അത്. ഇപ്പോഴിതാ പേട്രിയറ്റ് എന്ന താന്‍ അഭിനയിച്ച പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും അതിനോടുള്ള പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. കേണല്‍ റഹിം നായിക് എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ ഈ കഥാപാത്രം കൊല്ലപ്പെടുന്നുണ്ട്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കാന്‍ ഒരു കാരണം ഇതാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ എത്തിയിരുന്നു. ചിത്രത്തിനും മോഹന്‍ലാലിന്‍റെ കഥാപാത്രത്തിനും ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖകാരന്‍റെ ചോദ്യം. സമ്മിശ്ര അഭിപ്രായം ലഭിച്ച പേട്രിയറ്റിനെക്കുറിച്ചും അതിലെ റഹിം നായിക് എന്ന കഥാപാത്രത്തെക്കുറിച്ചും എന്ത് കരുതുന്നു എന്നായിരുന്നു അഭിമുഖം നടത്തിയ ഭരദ്വാജ് രംഗന്റെ ചോദ്യം. അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ...
“എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു. പ്രേക്ഷകര്‍ കഥാപാത്രത്തില്‍ നിന്ന് നടനിലേക്ക് മാറിപ്പോവുന്നതാണ് ഇവിടെയും സംഭവിച്ചത്. അത് അവരുടെ സ്വാതന്ത്ര്യം. അവിടെ നമ്മുടെ അഭിപ്രായം അടിച്ചേല്‍പ്പിച്ചിട്ട് കാര്യമില്ല. അവര്‍ കഥ പറഞ്ഞപ്പോള്‍ വളരെ വേറിട്ട ഒന്നായിരുന്നു അത്. എനിക്ക് സിനിമ ഇഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ടാണല്ലോ ഞാന്‍ അത് ചെയ്തത്. ഇതൊരു രഹസ്യ പാകകക്കൂട്ട് ആണ്. സിനിമയായി എങ്ങനെ വരുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. ഒരു സിനിമ ഞാന്‍ ചെയ്യുന്നത് ഏറെ സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയുമാണ്. പിന്നെ ഇതെന്‍റെ ജോലിയുമാണ്. എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ടായിരിക്കണം. എന്‍റെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് അത്. ഒരു കഥാപാത്രം എനിക്ക് ലഭിക്കുമ്പോള്‍ 100 ശതമാനം സത്യസന്ധതയോടെയും ആത്മവിശ്വാസത്തോടെയുമേ അത് ചെയ്യാവൂ. അങ്ങനെയാണ് ഞാന്‍ ചെയ്തത്. സിനിമയുടെ സാമ്പത്തിക വിജയം നമുക്ക് പ്രവചിക്കാനാവില്ല", മോഹന്‍ലാലിന്‍റെ വാക്കുകള്‍.
പിന്നീടാണ് മുന്‍പ് മോഹന്‍ലാലിന്‍റെ കഥാപാത്രങ്ങള്‍ മരിക്കുകയും എന്നാല്‍ വലിയ വിജയങ്ങള്‍ ആവുകയും ചെയ്ത ചില ചിത്രങ്ങളെക്കുറിച്ച് ഭരദ്വാജ് രംഗന് ചോദിക്കുന്നത്. താളവട്ടവും ചിത്രവും തന്മാത്രയുമൊക്കെ വലിയ വിജയങ്ങള്‍ ആയല്ലോയെന്നും അന്നില്ലാത്ത പ്രശ്നം പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. അത് പ്രേക്ഷകര്‍ മാറിയതുകൊണ്ടാണോയെന്നും. അതിന് അല്ല എന്നാണ് മോഹന്‍ലാലിന്‍റെ മറുപടി. “തന്മാത്ര, താളവട്ടം തുടങ്ങിയ സിനിമകളുടെയൊക്കെ വൈകാരിക തലം വളരെ ഉയര്‍ന്നതായിരുന്നു. കഥാപാത്രങ്ങളുടെ ഗ്രാഫ് വളരെ പെര്‍ഫെക്റ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളുടെ മരണം പ്രേക്ഷകരെ സംബന്ധിച്ച് ഒരു ഷോക്ക് ആയിരുന്നു. പക്ഷേ പേട്രിയറ്റില്‍ എന്‍റേത് ഒരു ചെറിയ കഥാപാത്രമാണ്. സമ്മിശ്ര അഭിപ്രായങ്ങള്‍ വന്നതിന് ഒരു കാരണം അതായിരിക്കാം. എനിക്ക് അറിയില്ല. ആ കഥാപാത്രത്തിന്‍റെ വികാസം, എന്തുകൊണ്ട് അയാള്‍ മരിച്ചു അങ്ങനെയുള്ള ഡീറ്റെയിലിംഗ് അവിടെ ഇല്ലായിരുന്നു. ചിലപ്പോള്‍ അതാവും കാരണം. എനിക്കറിയില്ല. അല്ലാതെ ഒരു കഥാപാത്രത്തിന് സിനിമയില്‍ മരിക്കരുതോ", മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു. ദൃശ്യം 3 പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്‍റെ മറുപടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ