
വ്യക്തിപരമായ തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കാന്‍ തന്നെ സഹായിച്ച കുടുംബ സാഹചര്യങ്ങളെക്കുറിച്ച് നടി ഗൌതമി നായര്‍. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായി വേര്‍പിരിയാനുള്ള തീരുമാനം തങ്ങള്‍ ഇരുവരും ചേര്‍ന്ന് എടുത്തതാണെന്നും കൈ കൊടുത്താണ് തങ്ങള്‍ പിരിഞ്ഞതെന്നും ഗൌതമി നായര്‍ പറയുന്നു. താന്‍ അഭിനയിച്ച പുതിയ ഒടിടി സിരീസ് ആയ കാക്കി സര്‍ക്കസിന്‍റെ പ്രീമിയറിനോട് അനുബന്ധിച്ച് മൂവ് വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുന്‍ പങ്കാളിയെക്കുറിച്ച് എപ്പോഴും ബഹുമാനത്തോടെ സംസാരിക്കുന്ന രീതി എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഗൌതമിയുടെ പ്രതികരണം ഇങ്ങനെ- “സൈക്കോളജി (പഠിച്ചത്) കുറച്ച് പ്രയോജനം ചെയ്തു കാണും. പിന്നെ വീട്ടിലെ സാഹചര്യം കണ്ടാണല്ലോ നമ്മള്‍ ഓരോരുത്തരും വലുതാവുന്നത്. എന്‍റെ വീട്ടില്‍ പൊതുവെ ഒരു കാര്യവും അവര്‍ അങ്ങനെ വലിയ സംഭവം ആക്കാറില്ല. നമ്മള്‍ ഒരു കാര്യം ചെയ്ത് ശരിയായില്ല. അത് കറക്റ്റ് ചെയ്യുക എന്നുള്ള രക്ഷിതാക്കളുടെ ഒരു ഉത്തരവാദിത്തം ഉണ്ട്. പക്ഷേ അതിനെച്ചൊല്ലി വൈകാരികമായ കൂടുതല്‍ പ്രതികരണങ്ങള്‍ ഒന്നുമില്ല. എനിക്കും ചേച്ചിക്കും ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം തന്നിട്ടുള്ള ഒരു സ്പേസ് ആണ് വീട്. അത് എന്‍റെ അച്ഛനും അമ്മയും മാത്രമല്ല, പൊതുവെ എന്‍റെ കുടുംബക്കാര്‍ എല്ലാവരും ആ ഒരു മനോഭാവമുള്ള ആളുകള്‍ ആണ്. അവിടെ നിങ്ങള്‍ക്ക് നിങ്ങളായി നില്‍ക്കാനുള്ള ഇടമുണ്ട്. ഒരു കാര്യം ചെയ്യാന്‍ പോകുമ്പോള്‍ അത് വേണോ എന്ന് ചിലപ്പോള്‍ ചോദിച്ചേക്കാം. എന്നാല്‍ ഞാന്‍ അത് ചെയ്യാന്‍ തീരുമാനിക്കുന്നപക്ഷം അതിന് ഫുള്‍ സപ്പോര്‍ട്ട് ആയിരിക്കും”, ഗൌതമി പറയുന്നു.
“രണ്ട് ആളുകള്‍ തമ്മില്‍ ഇഷ്ടമായി. ബ്രേക്കപ്പ് ആയി. അത് അവര്‍ തമ്മില്‍ എപ്പോഴും അടി ഉണ്ടായിട്ട് ആവണം എന്നില്ല. ഒരു പ്രണയബന്ധത്തിന്‍റെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. ജോലി ആണെങ്കിലും കുടുംബം ആണെങ്കിലും വ്യക്തിപരമായി ആളുകള്‍ക്ക് പല വിശ്വാസങ്ങളും കാണും. പല അഭിപ്രായങ്ങളും കാണും. പക്ഷേ ആ വിശ്വാസം വച്ചിട്ട് ആ ബന്ധം നിങ്ങള്‍ക്ക് ഒഴിവാക്കണമെന്നുണ്ടെങ്കില്‍ അവിടെ നിങ്ങളുടെ ഈഗോ ആയിരിക്കും പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്ക് ഒരു തുറന്ന മനസ് ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. വിമര്‍ശനങ്ങളോടാണെങ്കിലും അങ്ങനെ ഒരു മനസ് വേണം സൂക്ഷിക്കാന്‍. അങ്ങനെ ആയാല്‍ പോസിറ്റീവ് ആയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിലനിര്‍ത്താന്‍ സാധിക്കും. നെഗറ്റീവുകളെ കൂടുതല്‍ ഗൗരവത്തോടെ എടുക്കാതിരിക്കാനും സാധിക്കും”, ഗൌതമി നായര്‍ പറയുന്നു.
“എനിക്ക് എന്‍റെ ജീവിതം ഒരു രീതിയില്‍ ആയിരുന്നു വേണ്ടത്. ശ്രീനാഥിനും ശ്രീനാഥിന്‍റെ രീതിയില്‍ ആയിരുന്നു വേണ്ടത്. ഞങ്ങള്‍ക്ക് മനസിലായി ഞങ്ങള്‍ ഫ്രണ്ട്സ് ആയിട്ടാണ് നല്ലത് എന്ന്. വേറെ പങ്കാളികളെ തേടി കണ്ടെത്തിയിട്ട് പോവുകയാണെങ്കില്‍ നമുക്ക് ചിലപ്പോള്‍ കുറച്ചുകൂടി സന്തോഷം കിട്ടുമെന്ന് മനസിലായി. അതുകൊണ്ട് ആ രീതിയില്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനം എടുത്തു. ഷേക്ഹാന്‍ഡ് കൊടുത്തു. ഞങ്ങള്‍ ഓകെയാണ്”, വേര്‍പിരിയാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് ഗൌതമി നായര്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ