Latest Videos

'കമ്മട്ടിപ്പാടം' നാല് മണിക്കൂര്‍ പതിപ്പ് എന്തുകൊണ്ട് വരുന്നില്ല? രാജീവ് രവിയുടെ മറുപടി

By Web TeamFirst Published Mar 11, 2023, 10:12 AM IST
Highlights

ഫൈനല്‍ കട്ടിന് ശേഷമുള്ള ചിത്രത്തിന്‍റെ യഥാര്‍ഥ ദൈര്‍ഘ്യം നാല് മണിക്കൂര്‍ ആണെന്ന് രാജീവ് രവി പറഞ്ഞിരുന്നു

രാജീവ് രവി സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കൊച്ചി ഒരു നഗരമായി വളര്‍ന്നപ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയായിരുന്നു. വിനായകന്‍, മണികണ്ഠന്‍, അനില്‍ നെടുമങ്ങാട്, ഷോണ്‍ റോമി തുടങ്ങി നിരവധി താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു. 2 മണിക്കൂര്‍ 43 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. അതേസമയം ഫൈനല്‍ എഡിറ്റിന് ശേഷം ചിത്രത്തിന്‍റെ ദൈര്‍ഘ്യം നാല് മണിക്കൂര്‍ ആയിരുന്നുവെന്നും തിയറ്റര്‍ റിലീസിനുവേണ്ടി ചുരുക്കേണ്ടി വന്നതാണെന്നും റിലീസ് സമയത്ത് രാജീവ് രവി പറഞ്ഞിരുന്നു. ഡിവിഡി വരുമ്പോള്‍ ചിത്രം നാല് മണിക്കൂര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സിനിമാപ്രേമികള്‍, വിശേഷിച്ച് രാജീവ് രവി ആരാധകര്‍ക്കിടയില്‍ അന്ന് മുതല്‍ കമ്മട്ടിപ്പാടത്തിന്‍റെ ഈ നാല് മണിക്കൂര്‍ പതിപ്പ് കാണാനായുള്ള കാത്തിരിപ്പ് ഉണ്ട്. എന്നാല്‍ ഇതുവരെ അത്തരത്തിലൊന്ന് പുറത്തെത്തിയിട്ടുമില്ല. ഇപ്പോഴിതാ ഫുള്‍ വെര്‍ഷന്‍ എന്തുകൊണ്ട് പുറത്തെത്തുന്നില്ല എന്നതിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. അതിന്‍റെ റൈറ്റ്സ് മറ്റൊരു കമ്പനിക്കാണെന്ന് പറയുന്നു രാജീവ് രവി. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് രവിയുടെ പ്രതികരണം. "അതിന്റെ റൈറ്റ്സ് ഗ്ലോബല്‍ മീഡിയ എന്നൊരു കമ്പനിക്കാണ്. അവരുടെ അനുവാദമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ കൈയ്യില്‍ സാധനം ഇരിക്കുന്നുണ്ട്. എന്നെ പലരും സമീപിക്കുന്നുമുണ്ട്. ഞാന്‍ അവരുമായിട്ടും നേരിട്ട് കണക്ട് ചെയ്യുന്നുണ്ട്. പക്ഷേ ഇവര്‍ ഇപ്പോള്‍ അനങ്ങുന്നില്ല. ആ കമ്പനിയില്‍ തന്നെ കുറച്ച് പ്രശ്നങ്ങളുണ്ടായെന്ന് തോന്നുന്നു. അവര്‍ ആരെങ്കിലും മുന്നോട്ട് വരുകയാണെങ്കില്‍ എന്റെ കൈയ്യില്‍ മെറ്റിരിയല്‍ ഇരിപ്പുണ്ട്", രാജീവ് രവി പറയുന്നു.

അതേസമയം രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളി നായകനാവുന്ന തുറമുഖമാണ് ചിത്രം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : ആശ്വാസജയം തേടി കേരള സ്ട്രൈക്കേഴ്സ്; സിസിഎല്ലിലെ അവസാന മത്സരം ഇന്ന്

click me!