ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ' എന്തുകൊണ്ട് പരാജയമായി? മാധവന്‍റെ വിലയിരുത്തല്‍

By Web TeamFirst Published Aug 18, 2022, 3:01 PM IST
Highlights

കൊവിഡ് കാലം ചലച്ചിത്ര പ്രേമികളെ മാറ്റിമറിച്ചുവെന്ന് മാധവന്‍

ബോളിവുഡ് സമീപകാലത്ത് ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദ. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ പരാജയമാണ് നേരിട്ടത്. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ പരാജയ കാരണങ്ങളെക്കുറിച്ചാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. ഒരു വിഭാഗത്തില്‍ നിന്നുണ്ടായ ബഹിഷ്കരണാഹ്വാനമാണ് പരാജയ കാരണമെന്ന് ചിലര്‍ പറയുമ്പോള്‍ അത്തരം ആഹ്വാനങ്ങള്‍ കൊണ്ട് ഒരു നല്ല ചിത്രവും പരാജയപ്പെട്ടിട്ടില്ലെന്ന് മറ്റു ചിലരും പറയുന്നു. ഇപ്പോഴിതാ ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരിക്കുന്നത് ആമിറിന്‍റെ സുഹൃത്തും നടനും സംവിധായകനുമായ ആര്‍ മാധവനോടാണ്. അദ്ദേഹം തന്‍റെ വിലയിരുത്തലും അവതരിപ്പിച്ചിട്ടുണ്ട്.

ലാല്‍ സിംഗ് ഛദ്ദയുടെ പരാജയ കാരണം അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളെല്ലാം ഇനി ഹിറ്റ് സിനിമകള്‍ മാത്രമേ നിര്‍മ്മിക്കുമായിരുന്നുള്ളൂ. ഒരു മോശം ചിത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് വിചാരിച്ച് ആരും ഒരു സിനിമയും ചെയ്യുന്നില്ലെന്നതാണ് സത്യം. ഏത് സിനിമയുടെയും നിര്‍മ്മാണത്തിനു പിന്നില്‍ ഉണ്ടാവാറുള്ള അധ്വാനം ലാല്‍ സിം​ഗിനു പിന്നിലും ഉണ്ട്. റിലീസ് ചെയ്യപ്പെട്ട എല്ലാ വലിയ സിനിമകളുടെയും പിന്നിലുള്ള ഉദ്ദേശം ഒരു നല്ല ചിത്രം നിര്‍മ്മിക്കുക എന്നതുതന്നെ ആയിരുന്നു, മാധവന്‍ പറയുന്നു. 

തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം റോക്കട്രി ദ് നമ്പി എഫക്റ്റ് ബോക്സ് ഓഫീസില്‍ വിജയിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മാധവന്‍റെ പ്രതികരണം ഇങ്ങനെ- എന്‍റെ ചിത്രം ഒരു ബയോപിക് ആയിരുന്നു. അത് ഏത് സമയത്തും സ്വീകരിക്കപ്പെടുന്ന ഒരു ജോണര്‍ ആണ്. കൊവിഡിനു മുന്‍പുള്ള കാലം, ശേഷമുള്ള കാലം എന്നൊന്നും അത്തരം ചിത്രങ്ങളെ സംബന്ധിച്ച് ഇല്ല. 

ALSO READ : 'വഴിയില്‍ കുഴിയില്ലാത്ത' യുകെ, അയര്‍ലന്‍ഡ്; ചാക്കോച്ചന്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും വൈറല്‍

അതേസമയം കൊവിഡ് കാലം ചലച്ചിത്ര പ്രേമികളെ മാറ്റിമറിച്ചുവെന്നും മാധവന്‍ പറയുന്നു- ലോകസിനിമയോടുള്ള പ്രേക്ഷകരുടെ പരിചയം കൂടി. നിങ്ങളുടെ സിനിമയെ വിലയിരുത്തുന്നത് ആ പുതിയ കാഴ്ചാശീലം സൃഷ്ടിച്ച മാറ്റത്തില്‍ നിന്നുകൊണ്ടാവും. പരാജയങ്ങള്‍ ആരുടെയും കുറ്റമല്ല. തിയറ്ററുകളില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ തിരക്കഥകള്‍ക്കായി നമുക്ക് നല്ല സമയം ചിലവഴിക്കേണ്ടതുണ്ട്, മാധവന്‍ പറയുന്നു.

മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു റോക്കട്രി ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ രചനയും മാധവന്‍റേത് ആയിരുന്നു. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു. 

click me!