
മമിത ബൈജുവിന് കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വലിയ സ്വീകാര്യത മറുഭാഷാ സിനിമകളില്‍ നിന്ന് വലിയ അവസരങ്ങളാണ് മമിതയ്ക്ക് കൊണ്ടുവന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെന്‍റെ താരമൂല്യം കാര്യമായി ഉയര്‍ത്തിയ ചിത്രവുമായിരുന്നു ഇത്. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ക്കിടയിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍റെ വിജയാഘോഷ വേളയില്‍ വച്ചാണ് നിര്‍മ്മാതാക്കള്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച അപ്ഡേഷനുകളൊന്നും വരാതിരുന്നതോടെ നിര്‍മ്മാതാക്കളും താരങ്ങളുമൊക്കെ എവിടെ പോയാലും പ്രേമലു 2 നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. അടുത്തിടെയാണ് ചിത്രം ഏറെക്കുറെ ഉപേക്ഷിച്ചെന്ന കാര്യം നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ അറിയിച്ചത്. ഇപ്പോഴിതാ അതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നസ്‍ലെന്‍.
താന്‍ നായകനായ പുതിയ ചിത്രം മോളിവുഡ് ടൈംസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്‍ലെന്‍ ഇക്കാര്യം പറയുന്നത്. പ്രേമലു 2 ഉപേക്ഷിച്ചതിന് കാരണം എന്തെന്ന ചോദ്യത്തിന് തിരക്കഥാപരമായ കാരണങ്ങളാണെന്നാണ് നസ്‍ലെന്‍റെ പ്രതികരണം. തിരക്കഥ വിചാരിച്ചതുപോലെ വന്നില്ലെന്നും അതിനാല്‍ ഉപേക്ഷിച്ചുവെന്നും നസ്‍ലെന്‍ പറയുന്നു. പിന്നീട് എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വന്നുകൂടായ്ക ഇല്ലെന്നും. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നുള്ള നിര്‍മ്മാണ സംരംഭമായ ഭാവന സ്റ്റുഡിയോസ് ആയിരുന്നു പ്രേമലുവിന്‍റെ നിര്‍മ്മാണം. പ്രേമലു 2 പ്രഖ്യാപിച്ചതും ഈ കമ്പനി ആയിരുന്നു. അതേസമയം പ്രേമലു 2 ഉപേക്ഷിച്ചതിന് പകരമായി അതിന്‍റെ സംവിധായകന്‍ ഗിരീഷ് എ ഡിയുമായി ചേര്‍ന്ന് മറ്റൊരു ചിത്രം അവര്‍ നിലവില്‍ ചെയ്യുന്നുണ്ട്. നിവിന്‍ പോളി നായകനാവുന്ന ബദ്‍ലഹേം കുടുംബ യൂണിറ്റ് ആണ് ആ ചിത്രം.
മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു. മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായതിനാല്‍ വലിയ ബോക്സ് ഓഫീസ് സാധ്യതയാണ് സീക്വലിന് ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ മറുഭാഷാ പ്രേക്ഷകരും വരാനിരിക്കുന്ന സീക്വലിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു. ചിത്രം ഉപേക്ഷിക്കപ്പെട്ടുവെന്ന കാര്യം അവരിലേക്ക് കാര്യമായി എത്തിയിട്ടുമില്ല. അതേസമയം ഗിരീഷ് എ ഡി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തുന്ന ബദ്‍ലഹേം കുടുംബ യൂണിറ്റ് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റ് ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ