
വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദൃശ്യം 3. അത്രയും ജനപ്രീതി നേടിയ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്നത് തന്നെയായിരുന്നു അതിന് കാരണം. സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെ നേടിയ ചിത്രത്തിന്‍റെ ടോട്ടല്‍ ബിസിനസ് 300 കോടിക്ക് മുകളില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഒടിടി റിലീസിന് ശേഷം വലിയ രീതിയില്‍ ട്രോളുകള്‍ ചിത്രത്തിന് നേരിടേണ്ടിവരുന്നുണ്ട്. തിയറ്റര്‍ റിലീസിന്‍റെ സമയത്ത് തന്നെ പ്രേക്ഷകര്‍ വിമര്‍ശിച്ച ഒന്നായിരുന്നു പ്രധാന കഥാപാത്രങ്ങളിലൊന്നായ, കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍റെ കണ്ണിലെ ചുവപ്പ്. ഇപ്പോഴിതാ അത് എങ്ങനെ സംഭവിച്ചുവെന്നും ജീത്തു ജോസഫ് നല്‍കിയ റെഫറന്‍സ് എന്തായിരുന്നുവെന്നും ആദ്യമായി വിശദീകരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഭാര്യ ഡിനിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ആ കണ്ണ് അത്രയും ചുവപ്പിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് ഷാജോണിന്‍റെ മറുപടി ഇങ്ങനെ- “ഇതിന്‍റെ റെഫറൻസ് തന്നെ ജിത്തുഭായി പറഞ്ഞത് നമ്മുടെ സായിചേട്ടന്‍ഫെ കുഞ്ഞിക്കൂനനിലെ ക്യാരക്ടറിനെ പറ്റിയിട്ടാണ്. അതായത് ഇന്‍റര്‍വെലിന് ഇയാളെ കാണിക്കുമ്പോൾ തന്നെ ആളുകള്‍ ഒന്ന് ഞെട്ടണം. ഇത് പഴയ സഹദേവൻ അല്ല, ഇച്ചിരി കുഴപ്പക്കാരനാണ് എന്നുള്ളത് ഒരു ഫസ്റ്റ് ലുക്കില്‍ കിട്ടണം ഷാജോണേ എന്ന് ജിത്തു സാര്‍ പറഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ചോദിച്ചു. കണ്ണ് നമുക്ക് ചുവപ്പിക്കാം. ഒപ്പം ഒന്ന് മീശ ഒന്ന് പിരിക്കാം എന്നും പറഞ്ഞു. താടി ഇനി വെട്ടാതെ വളർത്തണമെന്നും പറഞ്ഞു. റെഫറന്‍സ് സായ് ചേട്ടന്‍റെ കുഞ്ഞിക്കൂനനിലെ ലുക്ക് ആണെന്നും പറഞ്ഞു. സാധാരണ ഒരു ചെറിയ ഷോട്ടിലൊക്കെ കണ്ണൊന്ന് ചുവന്നിരിക്കണം എന്ന് പറഞ്ഞാൽ ഗ്ലിസറിൻ ഇട്ട് നമ്മളൊന്ന് ചുവപ്പിക്കും. പക്ഷേ ഇത് അങ്ങനെ അല്ലല്ലോ, സിനിമയില്‍ മൊത്തത്തില്‍ വേണം. ഇടയ്ക്കിടയ്ക്ക് ഗ്ലിസറിന്‍ ഇടുക ബുദ്ധിമുട്ടുള്ള കാര്യമാണ്.”
“ചുണ്ടപ്പൂ എന്ന് പറയുന്ന ഒരു പൂവുണ്ട്. കഥകളിക്കാരൊക്കെ ഇടുന്നതാണ്. തൃശ്ശൂർ ഭാഗത്തൊക്കെയാണ് അത് കൂടുതൽ കിട്ടുന്നത്. ചുണ്ടപ്പൂവിന്റെ തരി നമ്മൾ കണ്ണിൽ ഇട്ടു കഴിഞ്ഞാൽ അതിങ്ങനെ റെഡ് ആയി അങ്ങ് കിടന്നോളും. പക്ഷെ അത് കൂടി കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് അതിന്റെ അളവ് കുറയ്ക്കാൻ പറ്റില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളിൽ അത് കൂടിയതുപോലെ തോന്നിയത്. ഒരുപാട് പേര്‍ അത് പറയുകയും ചെയ്തു. എന്നോട് ചോദിക്കുന്നവരോട് ഞാന്‍ പറയും സഹദേവൻ കണ്ണീച്ചോര ഇല്ലാത്തവനാണെന്ന് ആരും പറയില്ലല്ലോ എന്ന്”, ഷാജോണ്‍ തമാശയോടെ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ